കോട്ടയം എസ്എംഇ കോളേജില്‍ പ്രണയനൈരാശ്യം മൂലം വിദ്യാര്‍ത്ഥിനിയെ ചുട്ടുകൊന്ന് യുവാവ് തീ കൊളുത്തി മരിച്ചു

single-img
1 February 2017

കോട്ടയ: കോട്ടയം എസ്എംഇ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവും യുവതിയും മരിച്ചു. ബുധാനാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം. കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി ഹരിപ്പാട് സ്വദേശിനി ലക്ഷ്മിയാണ് പൂര്‍വ വിദ്യാര്‍ഥിയുടെ അക്രമത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് മരണത്തിന് കീഴടങ്ങിയത്.

വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് ക്ലാസില്ലാത്തതിനാല്‍ ഇന്ന് നടക്കുന്ന എക്‌സിബഷന്‍ പരിപാടിക്കുള്ള തയാറെടുപ്പിലായിരുന്നു ലക്ഷ്മിയും സുഹൃത്തുക്കളും. അപ്രതീക്ഷിതമായി ക്ലാസിലേക്ക് കയറി വന്ന മുന്‍ സുഹൃത്ത് ആദര്‍ശ് ക്ലാസ് മുറിക്കുള്ളില്‍ കയറി സ്വന്തം ദേഹത്തും ലക്ഷ്മിയുടെ ശരീരത്തിലും പെട്രോള്‍ ഒഴിക്കുകയായിരുന്നു. പെണ്‍കുട്ടി പ്രാണരക്ഷാര്‍ഥം ക്ലാസില്‍ നിന്നും ലൈബ്രറിക്കുള്ളിലേക്ക് ഓടിക്കയറിയെങ്കിലും പിന്‍തുടര്‍ന്നെത്തിയ ആദര്‍ശ് പിന്നാലെയെത്തി ഇരുവരുടെയും ദേഹത്ത് തീകൊളുത്തി.

രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മറ്റു രണ്ട് വിദ്യാര്‍ഥികള്‍ക്കും പൊള്ളലേറ്റിരുന്നു. ലക്ഷ്മിയും ആദര്‍ശും മുമ്പ് പ്രണയത്തിലായിരുന്നുവെന്നും ഇതില്‍ നിന്നും ലക്ഷ്മി പിന്‍മാറിയതിലുള്ള വൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. കഴിഞ്ഞ എട്ടിന് കായംകുളം സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാളെക്കുറിച്ച് പരാതി നല്‍കിയിരുന്നു. ഇനി ശല്യം ചെയ്യില്ലെന്ന ഉറപ്പില്‍ സ്റ്റേഷനില്‍ പറഞ്ഞു തീര്‍ത്ത് വിടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൊല്ലം നീണ്ടകര സ്വദേശിനി സുനിതയുടെ മകനാണ് ആദര്‍ശ്.