ആദരാഞ്ജലികള്‍ അര്‍പ്പിക്കേണ്ട ഘട്ടത്തില്‍ ബജറ്റ് അവതരിപ്പിച്ചത് അനൗചിത്യമായ രീതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
1 February 2017

 

 

ലോക്‌സഭയിലെ മുതിര്‍ന്ന സിറ്റിങ്ങ് അംഗം അന്തരിച്ചിരിക്കുമ്പോള്‍ അതേ സഭയില്‍ മണിക്കൂറുകള്‍ക്കകം ബഡ്ജറ്റവതരണം നടത്തിയത് തീര്‍ത്തും അനൗചിത്യവുമായിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതേ പാര്‍ലമെന്റ് മന്ദിരത്തിലാണ് മണിക്കൂറുകള്‍ക്ക് മുമ്പ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ശ്രീ. ഇ. അഹമ്മദ് കുഴഞ്ഞുവീണതെന്നോര്‍ക്കണം. അദ്ദേഹം മരിച്ചുകിടക്കുന്ന അതേ ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സഭാംഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തും വിധം ബഡ്ജറ്റവതരണവുമായി മുന്നോട്ടുപോയത്.

ദീര്‍ഘകാലമായി സഭയില്‍ അംഗമായിരുന്ന വ്യക്തിയാണ് ഇ. അഹമ്മദ്.ഇന്ത്യയുടെ താല്പര്യങ്ങള്‍ ഐക്യരാഷ്ട്രസഭയിലടക്കം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള പാര്‍ലമെന്റേറിയനാണ് ശ്രീ. അഹമ്മദ്.അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിക്കേണ്ട ഘട്ടത്തില്‍ ബഡ്ജറ്റവതരണവുമായി മുന്നോട്ട് പോയത് അക്ഷന്തവ്യമായ തെറ്റാണ്. രാജ്യത്തിന്റെ ജനാധിപത്യബോധത്തെ തന്നെ അവമതിക്കലാണ്. പരേതന്റെ സ്മരണയെ അനാദരിക്കല്‍ കൂടിയാണത്.