ലോ അക്കാഡമി പ്രിൻസിപ്പൽ ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് പദവികളിൽ നിന്ന് മാറ്റി;സമരം അവസാനിപ്പിച്ചതായി എസ്എഫ്ഐ;സമരം തുടരുമെന്ന് കെ എസ് യു,എബിവിപി, എഐഎസ്എഫ്

single-img
31 January 2017

തിരുവനന്തപുരം: ലക്ഷ്മി നായര്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിഞ്ഞതായി മാനേജ്‌മെന്റ്. വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് ലോ അക്കാദമി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിയ്ക്കാണ് പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കിയിരിക്കുന്നത്.അഞ്ച് വർഷത്തേക്കാകും ലക്ഷ്മി നായർ ലോ അക്കാദിമിയിൽ നിന്നും മാറി നിൽക്കുക.

മാനേജ്മെന്റിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ 20 ദിവസമായി ലോ അക്കാഡമിക്ക് മുന്നിൽ നടത്തിവന്നിരുന്ന സമരം എസ്എഫ്ഐ അവസാനിപ്പിച്ചു.അതേസമയം ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് സമരമുഖത്തുള്ള കെ എസ് യു,എബിവിപി, എഐഎസ്എഫ്, എംഎസ്എഫ് എന്നീ സംഘടനകൾ സമരം തുടരും.

കോളേജ് നാളെ മുതല്‍ പ്രവര്‍ത്തിക്കുമെന്നും വിദ്യാർഥിസംഘടനകൾ സമരം തുടർന്നാൽ പോലീസ് സംരക്ഷണത്തിൽ ക്ലാസുകൾ നടത്തുമെന്നും ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായർ പറഞ്ഞു.ലക്ഷ്മി നായർ ക്യാംപസില്‍ കയറില്ലെന്ന് ഉറപ്പ് നല്‍കിയിട്ടില്ലെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ പറഞ്ഞു.

ലക്ഷ്മി നായരെ മാറ്റുമെന്ന് മാനേജ്മെന്റ് രേഖാമൂലം ഉറപ്പു നൽകിയെന്ന് എസ്എഫ്ഐ അറിയിച്ചതിനു പിന്നാലെയാണ് മാനേജ്മെന്റ് വാർത്താ സമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചത്. ലക്ഷ്മി നായരെ അഞ്ച് വർഷത്തേയ്ക്ക് ഫാക്കൽറ്റിയായിപ്പോലും കോളജിൽ ഉൾപ്പെടുത്തില്ലെന്ന് മാനേജ്മെന്റ് ഉറപ്പു നൽകിയിട്ടുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എൻ.വിജിൻ മാധ്യമങ്ങളോട് പറഞ്ഞു.