അനര്‍ട്ട് ഡയറക്ടര്‍ നിയമനക്രമക്കേട്: മന്ത്രി കടംകംപള്ളിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന • ഇ വാർത്ത | evartha
Kerala

അനര്‍ട്ട് ഡയറക്ടര്‍ നിയമനക്രമക്കേട്: മന്ത്രി കടംകംപള്ളിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന

തിരുവനന്തപുരം: അനർട്ട് ഡയറക്ടർ നിയമനം സംബന്ധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിജിലൻസ് ദ്രുതപരിശോധന.വിജിലന്‍സ് അന്വേഷണം നേരിടുന്നയാളെ അനര്‍ട്ട് ഡയറക്ടറായി നിയമിച്ചുവെന്ന പരാതിയിലാണിത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടത്.സാമ്പത്തികക്രമക്കേട് കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഡോ. ഹരികുമാറിനെ അനര്‍ട്ട് ഡയറക്ടറായി നിയമിച്ചത് ചട്ടങ്ങള്‍ മറികടന്നാണെന്നാണു ആരോപണം.

എം.വിൻസന്‍റ് എംഎൽഎയുടെ പരാതിയിലാണ് ദ്രുതപരിശോധന നടത്തുന്നത്. മന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് നിയമനം നടത്തിയത്. പിന്നിൽ സാന്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നത് അന്വേഷിക്കണമെന്നും പരാതിയിൽ പറഞ്ഞിരുന്നു.സാമ്പത്തിക ക്രമക്കേടിന് അനര്‍ട്ടില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്ന ഇ.കെ. ചന്ദ്രബോസ്, റഫി ജോര്‍ജ്, ജോര്‍ജ് കെ. ജോണ്‍ എന്നിവരെ സര്‍വിസില്‍ തിരികെ പ്രവേശിപ്പിച്ചെന്നും ഹരജിയില്‍ ആരോപിക്കുന്നു.

ഹരികുമാര്‍ പാരമ്പര്യേതര ഊര്‍ജവകുപ്പ് പദ്ധതി ഡയറക്ടറായിരിക്കെ 2007-10 ലെ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് നടത്തിയതായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടത്തെിയിരുന്നു. 14.50 കോടിയുടെ നഷ്ടം പൊതുഖജനാവിനുണ്ടായതായും പരിശോധനയില്‍ കണ്ടത്തെി. ഇതേതുടര്‍ന്നാണ് ഹരികുമാറിനെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അനർട്ടിൽ നിയമനം.