ലോ അക്കാഡമി സമരം സംഘർഷത്തിലേക്ക്;പോലീസ് ലാത്തി ചാര്‍ജ്ജിൽ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ഉൾപ്പെടെ നിരവധി പേര്‍ക്ക് പരിക്ക് • ഇ വാർത്ത | evartha
Kerala

ലോ അക്കാഡമി സമരം സംഘർഷത്തിലേക്ക്;പോലീസ് ലാത്തി ചാര്‍ജ്ജിൽ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ഉൾപ്പെടെ നിരവധി പേര്‍ക്ക് പരിക്ക്


തിരുവനന്തപുരം: ലോ അക്കാഡമി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി പ്രവർത്തകർ പേരൂർക്കടയിൽ നടത്തിയ റോഡ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. ഉപരോധം നടത്തിയ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് നടപടി തുടങ്ങിയതോടെയാണ് സംഘർഷമുണ്ടായത്. ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.

ബിജെപി നേതാവ് വി.വി.രാജേഷിന്‍റെ നേതൃത്വത്തിലാണ് പേരൂർക്കടയിൽ റോഡ് ഉപരോധം നടന്നത്. സ്ത്രീകൾ ഉൾപ്പടെയുള്ള പ്രവർത്തകർ ഉപരോധത്തിന് എത്തിയിരുന്നു. ഗതാഗതം തടസപ്പെട്ടതോടെ പോലീസ് ഉപരോധക്കാരെ പിരിച്ചുവിടാൻ നടപടി ആരംഭിച്ചതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.

അതേസമയം, ലോ അക്കാദമി സമരത്തെ മാനേജ്‌മെന്റിനു വേണ്ടി ഒറ്റുകൊടുത്ത എസ്എഫ്‌ഐ നിലപാട് വിദ്യാര്‍ഥി വഞ്ചനയാണെന്നും ലക്ഷ്മിനായര്‍ രാജിവയ്ക്കുംവരെ കെഎസ്‌യു സമരം തുടരുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ് അറിയിച്ചു. വെള്ളിയാഴ്ച സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിനും കെഎസ്‌യു ആഹ്വാനം ചെയ്തു. സമരം പൊളിക്കാന്‍ എസ്എഫ്‌ഐ ശ്രമിക്കുകയാണെന്നും കെഎസ്‌യു ആരോപിച്ചു.