ഇന്‍ഫോസിസ് ഓഫീസിനുള്ളില്‍ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം;അറസ്റ്റിലായത് സെക്യൂരിറ്റി ജീവനക്കാരൻ; കൊലയ്ക്ക് കാരണം തുറിച്ചുനോട്ടം താക്കീത് ചെയ്തതിന്റെ പ്രതികാരം

single-img
30 January 2017

പുനെ: പുനെ ഇന്‍ഫോസിസ് ഓഫീസിനുള്ളില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. കുന്ദമംഗലം പയിന്പ്ര ഓഴാംപൊയില്‍ രാജുവിന്‍റെ മകള്‍ രസീല രാജു(25) ആണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.ഓഫീസിനുള്ളില്‍ കംപ്യൂട്ടര്‍ വയര്‍ കഴുത്തില്‍ മുറുകിയ നിലയിലാണ് രസീല രാജവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നത്. എന്നാല്‍ രാത്രി വൈകിയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവസമയം രസീല മാത്രമായിരുന്നു ഓഫീസിലുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് ആസാംകാരനായ സുരക്ഷ ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഓഫീസിലെ സുരക്ഷ ജീവനക്കാരനായ ബാബന്‍ സൈലിക്ക രസീലയെ തുറിച്ച് നോക്കിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തലേ ദിവസം വാക്ക് തര്‍ക്കമുണ്ടായിരുന്നു. തന്നെ നിരന്തരം തുറിച്ച് നോക്കി ശല്യം ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരനെ രസീല താക്കീത് ചെയ്യുകയും ഇനിയിത് ആവര്‍ത്തിച്ചാല്‍ പരാതിപ്പെടുമെന്ന് പറയുകയും ചെയ്തിരുന്നു.അവധി ദിനമായ ഞായറാഴ്ച്ച തന്റെ പ്രൊജക്ട് പൂര്‍ത്തിയാക്കാനായി രസീല ഓഫീസിലെത്തിയപ്പോള്‍ ഈ വാച്ച്മാനും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഓഫീസിലേക്ക് കാര്‍ഡ് സ്വൈപ് ചെയ്ത് രസീല പ്രവേശിച്ചപ്പോള്‍ ഇയാളും ഒപ്പം അകത്തേക്ക് കടന്നു. തന്നെപ്പറ്റി പരാതിപ്പെടരുതെന്ന് രസീലയോട് ഇയാള്‍ ആവശ്യപ്പെടുകയും പിന്നീടുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ രസീലയെ കമ്പ്യൂട്ടര്‍ കേബിള്‍ ഉപയോഗിച്ച് ഇയാള്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. ചോദ്യം ചെയ്യലില്‍ പ്രതി സ്വയം കുറ്റം സമ്മതിച്ചെങ്കിലും കൂടുതല്‍ ശക്തമായ തെളിവുകള്‍ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘത്തിന് പുണെ പോലീസ് രൂപം നല്‍കിയിട്ടുണ്ട്.

ആസമിലേക്കുള്ള തീവണ്ടി കാത്തിരിക്കെയാണ് പ്രതി പിടിയിലായത്. കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. സെക്യൂരിറ്റി കാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.