ലോ അക്കാദമിയുടെ അധിക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് വിഎസിന്റെ കത്ത്;സര്‍ക്കാരിന് പരാതി ലഭിച്ചിട്ടില്ലെന്ന് റവന്യൂമന്ത്രി പറഞ്ഞതിനു പിന്നാലെയാണു വി.എസ് പരാതി നൽകിയത്

single-img
30 January 2017

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജിന്റെ അധിക ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് കത്ത് നല്‍കി. അക്കാദമിക്ക് ആവശ്യമുള്ളതിലും അധികം ഭൂമി അനുവദിച്ചതിനെ കുറിച്ച് അന്വേഷണം വേണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോ അക്കാദമി ഭൂമി സംബന്ധമായി ഒറ്റ പരാതി പോലും കിട്ടിയിട്ടില്ലെന്ന റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് വി.എസ് പരാതി നൽകിയത്
ലക്ഷ്മി നായരുടെ ലോ അക്കാദമി ഭൂമിയില്‍ കര്‍ശന പരിശോധന നടത്തണമെന്നും റവന്യു മന്ത്രിയോട് കത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി ചേര്‍ന്ന് ഫ്ലാറ്റുണ്ടാക്കി വില്‍ക്കുന്നത് ശരിയാണോയെന്നും വിഎസ് കത്തില്‍ ചോദിക്കുന്നു.

ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നേരത്തെ പറഞ്ഞിരുന്നു. പരാതി ലഭിച്ചാല്‍ അതേക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഭൂമി വിവാദത്തേക്കാള്‍ പ്രഥമ പരിഗണന വിദ്യാഭ്യാസ പ്രശ്‌നം പരിഹരിക്കുന്നതിനാണെന്നും മന്ത്രി പറഞ്ഞിരുന്നു.