അമേരിക്കയില്‍ മുസ്ലീം പള്ളി അക്രമികള്‍ അഗ്‌നിക്കിരയാക്കി, ട്രംപ് ഭരണം തങ്ങളുടെ ജോലി എളുപ്പമാക്കിയെന്ന് ഐഎസ് തീവ്രവാദികള്‍

single-img
30 January 2017

ട്രംപ് ഭരണത്തിലെ ഇസ്ലാമിക വിരുദ്ധ നിലപാടിനു പിന്നാലെ അമേരിക്കയില്‍ മുസ്ലീം പള്ളി അക്രമികള്‍ അഗ്‌നിക്കിരയാക്കി. ഹൂസ്റ്റണിനടുത്ത് തെക്കന്‍ ടെക്‌സാസിലെ ദ ഇസ്ലാമിക് സെന്റര്‍ ഓഫ് വിക്‌ടോറിയയാണ് തീയിട്ട് നശിപ്പിച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടരയോടെ പള്ളിയില്‍ അഗ്‌നി പടര്‍ന്ന് പിടിക്കുകയായിരുന്നു. പള്ളിയുടെ അധികാരി ഷാഹിദ് ഹഷ്മി ഉടന്‍ എത്തിയെങ്കിലൂം തീ എല്ലായിടത്തേക്കും വ്യാപിച്ചിരുന്നു.

അഗ്‌നിബാധയില്‍ ആര്‍ക്കും പരുക്കില്ല. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. അഗ്‌നിബാധയുടെ കാരണം വ്യക്തമായിട്ടില്ലെന്ന് വിക്‌ടോറിയ ഫയര്‍ മാര്‍ഷ്വല്‍ അറിയിച്ചു. ഇസ്ലാമിക ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങളിലെ മുസ്ലീങ്ങള്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ടു വന്ന പ്രഖ്യാപനത്തില്‍ വിജയാഹഌദം നടത്തുന്നത് ഇസ്ലാമിക് സ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളാണ്.

അമേരിക്കയുടെ പുതിയ നയം ഇസ്ലാമിനെതിരേയുള്ള യുദ്ധം തന്നെയാണ് എന്നത് ഇതിനാല്‍ തെളിഞ്ഞെന്നാണ് ഇവര്‍ നടത്തുന്ന അവകാശവാദം. എന്നാല്‍ ട്രംപിന്റെ പ്രഖ്യാപിത ശത്രുതാ നയങ്ങള്‍ ഓരോന്നായി നടപ്പാക്കി വരുന്നതിനിടയില്‍ അപ്രത്യക്ഷിതമായി മുസ്ലീം കുടിയേറ്റ ഉത്തരവിനെ കോടതി സ്‌റ്റേ ചെയ്ത് വിലക്കിയിട്ടുണ്ട്. ട്രംപിന്റെ മുസ്ലീം കുടിയേറ്റ വിലക്കിന് തൊട്ടുപിന്നാലെ പള്ളി അഗ്‌നിക്കിരയായത് കൂടുതല്‍ ദുരൂഹത ഉയര്‍ത്തുന്നു. ഇതേ പള്ളിക്ക് നേരെ ഇതിനു മൂന്‍പും ആക്രമണ പരമ്പരകള്‍ ഉണ്ടായിട്ടുണ്ട്. പ്രസിഡന്റിന്റെ കുടിയേറ്റ വിരുദ്ധ നിലപാടിനെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ഉയരുകയാണ്.

സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്ന ഇസ്ലാമിക് സ്‌റ്റേറ്റ് അനുകൂല പോസ്റ്റുകളില്‍ ട്രംപ് നിര്‍ദേശം കര്‍ശനമായി നടപ്പാക്കുന്നത് അമേരിക്കയിലുള്ള ഇസഌമികളെ തങ്ങളുടെ പക്ഷത്താക്കുമെന്നാണ് പറയുന്നത്. മുസ്ലീങ്ങളെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുന്ന ട്രംപിന്റെ പ്രഖ്യാപനം അനുഗ്രഹീതം എന്നാണ് ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ പ്രതികരണം. ടെലിഗ്രാം വഴിയുള്ള തങ്ങളുടെ ചാനലില്‍ ഇക്കാര്യം ബാഗ്ദാദി വെളിപ്പെടുത്തുകയും ചെയ്തു.

2011 ല്‍ യെമനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അന്‍വര്‍ അല്‍ അവ്‌ലാക്കിയുടെ പ്രവചനം ശരിയാക്കുന്നതാണ് ട്രംപിന്റെ നീക്കമെന്നും മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ അവരുടെ നാട്ടിലെ തന്നെ മുസ്ലീങ്ങള്‍ക്കെതിരാകും എന്നായിരുന്നു അന്ന് അന്‍വര്‍ പറഞ്ഞത്. അതുപോലെ തന്നെ ഇസഌമിക് സ്‌റ്റേറ്റിനും ട്രംപിന്റെ തീരുമാനം നല്‍കുന്ന സന്തോഷം ചില്ലറയല്ല. 2015 ല്‍ തീവ്രവാദി സംഘടനയുടെ ഇംഗ്ലീഷ് പതിപ്പില്‍ തങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളെ ലക്ഷ്യമിടുന്നത് അവിടുത്തെ ഇസ്ലാമിക വിരുദ്ധ മനോഭാവം ഉണര്‍ത്താന്‍ വേണ്ടിയാണെന്നും അതിലൂടെ അവിടുത്തെ ഇസ്ലാമികള്‍ തങ്ങളെ പിന്തുണയ്ക്കുന്നവരാക്കാന്‍ വേണ്ടിയാണെന്നും പറഞ്ഞിരുന്നു.

ഒബാമയ്ക്കും ബുഷിനുമെല്ലാം ഈ മതവിദ്വേഷം ഉണ്ടായിരുന്നതായും അത് തീവ്രവാദികളോട് മാത്രമായിരുന്നില്ലെന്നും ഐഎസ് പറയുന്നു. എന്നിരുന്നാലും തങ്ങളുടെ ജോലി ഏറ്റവും എളുപ്പമാക്കിയത് ട്രംപാണെന്നും വ്യക്തമാക്കിയിരുന്നു. ഇത് തീവ്രവാദികളുടെയും അമേരിക്കന്‍ വിരുദ്ധരുടേയും വിജയം തന്നെയാണെന്നും തീവ്രവാദികള്‍ക്കിടയിലേക്ക് ആളെ വിട്ട് അവരുടെ പദ്ധതികള്‍ മനസ്സിലാക്കാനുള്ള ചാരപ്പണികള്‍ക്കും മറ്റും തീരുമാനം തിരിച്ചടി നല്‍കുമെന്നും സിഐഎ പറഞ്ഞിട്ടുണ്ട്.