പ്രധാനമന്ത്രി ആളില്ലാ സദസ്സിനോടു പ്രസംഗിച്ച നാണക്കേട് മാറ്റാന്‍ വേണ്ടി ഇറക്കിയ ചിത്രം ഫോട്ടോഷോപ്പ്; ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണു ബിജെപി വെട്ടിയൊട്ടിച്ച ഫോട്ടോകള്‍കൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തത്

single-img
30 January 2017


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പനാജിയിലെ റാലിക്കിടെ ആളുകള്‍ കുറഞ്ഞത് കാണാതിരിക്കാനായി ഫോട്ടോഷോപ്പ് ചെയ്ത ചിത്രവുമായി ബിജെപി രംഗത്ത്. പഞ്ചാബില്‍ മോദി പങ്കെടുത്ത യോഗത്തില്‍ ആളുകള്‍ കുറഞ്ഞതിനെ കുറിച്ച് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആ നാണക്കേട് മാറ്റനായിട്ടാണ് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ റാലിയില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തത്.

എന്നാല്‍ രണ്ടു ചിത്രങ്ങള്‍ കൂട്ടിയൊട്ടിച്ച് ഫോട്ടോഷോപ്പ് ചെയ്ത ചിത്രമായിരുന്നു അത്. മോദി പങ്കെടുക്കുന്ന പരിപാടികളികളെക്കെ വലിയ സംഭവമാണെന്നും ആള്‍ക്കൂട്ടം നിറഞ്ഞിരുന്നെന്നുമായിരുന്നു ബിജെപിയുടെ വാദം. എന്നാല്‍ അതിനെ പൊളിച്ചെഴുതി കൊണ്ട് ഫോട്ടോഷോപ്പ്് ചെയ്ത ചിത്രം ജനം കണ്ടുപിടിച്ചതോടെ വെട്ടിലിലായിരിക്കുകയാണ് ബിജെപി. വാര്‍ത്ത പുറത്തായതോടെ ചെറിയ ക്ഷീണമൊന്നുമല്ല ബി.ജെ.പിക്ക് ഉണ്ടായത്.

റാലിയില്‍ 50000 ലേറെപ്പേരുടെ സാന്നിധ്യമുണ്ടാകുമെന്ന് ബി.ജെ.പി അവകാശപ്പെട്ടിരുന്നു. ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചതിന്റെ അടയാളം പെട്ടെന്ന് മനസിലാകുന്നുമുണ്ട്. മാത്രമല്ല, ഒരേയാളുകള്‍ തൊട്ടടുത്ത് നില്‍ക്കുന്ന രീതിയിലാണ് കൂട്ടിയോജിപ്പിച്ച ചിത്രങ്ങള്‍. ഒരേ സ്ഥലത്തെ രണ്ടു ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച് വലിയ ജനക്കൂട്ടത്തെ കാണിക്കാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. ഇരട്ടകളെ പങ്കെടുപ്പിച്ച ബിജെപി പൊതുയോഗം എന്നു പറഞ്ഞായിരുന്നു സോഷ്യല്‍മീഡിയയില്‍ പലരും ബി.ജെ.പിക്കാരെ പരിഹസിച്ചത്.

പഞ്ചാബിലെ ജലന്ധറില്‍ മോദി പങ്കെടുത്ത വേദിയില്‍ മോദി പ്രസംഗിക്കുമ്പോള്‍ കസേരകളില്‍ നിന്നും ആളുകള്‍ എഴുന്നേറ്റ് പോകുന്നതിന്റെ ദൃശ്യങ്ങള്‍ എ.എ.പി പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബി.ജെ.പിയെ ഞെട്ടിക്കുന്ന തരത്തില്‍ പനാജിയിലെ റാലിയിലും ജനസാന്നിധ്യം കുറഞ്ഞത്.

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും എതിരാളികള്‍ ഇത് പ്രചാരണത്തിനായി ഉപയോഗിച്ചു. മോദി പ്രസംഗിക്കുമ്പോള്‍ അണികള്‍ കൂട്ടത്തോടെ സദസ്സില്‍ നിന്നും പോകുന്നതിന്റെ ദൃശ്യവും ആം ആദ്മി നേതാവ് വന്ദന ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു. രാജ്യത്തെ ജനത പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന അടിക്കുറിപ്പോടെയാണ് വന്ദന വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ആളൊഴിഞ്ഞ സദസ്സിന്റെ ചിത്രങ്ങളും അവര്‍ പുറത്തുവിട്ടു.