ലോ അക്കാദമി സമരം; രാജിവെക്കില്ലെന്നു ആവര്‍ത്തിച്ച് ലക്ഷ്മി നായര്‍, രാജിവെക്കുന്നതു വരെ വിദ്യാര്‍ത്ഥിസമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍, പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികളും

single-img
30 January 2017

 

തിരുവനന്തപുരം: കേരള ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായരുടെ രാജിക്കായി രാഷ്ട്രീയ പാര്‍ട്ടികളും. സമരത്തിന് പിന്തുണ അറിയിച്ച് സിപിഐയാണ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. അതേ സമയം വിദ്യാര്‍ത്ഥി സമരം 20 ദിവസം പിന്നിടുമ്പോള്‍ ലക്ഷ്മി രാജി വെക്കാത്ത സാഹചര്യത്തില്‍ സമരം ശക്തിപ്പെടുത്താനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

എന്നാല്‍, താന്‍ രാജി വെക്കില്ല എന്ന തീരുമാനം ലക്ഷ്മി ആവര്‍ത്തിച്ചു. ഇന്ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ശരി വെക്കുന്നതായിരുന്നു.  ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലക്ഷ്മിയെ അഞ്ച് വര്‍ഷത്തേക്ക് പരീക്ഷ ചുമതലകളില്‍ നിന്ന് ഡീബാര്‍ ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനം സര്‍ക്കാറിനു വിട്ട തീരുമാനമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴി തുറന്നിരിക്കുന്നത്.

ലക്ഷ്മിയെ സിപിഐഎം പിന്തുണയ്ക്കുന്നതിന്റെ തെളിവാണ് സിന്‍ഡിക്കേറ്റ് തീരുമാനമെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഇതോടെയാണ് ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരെ എകെജി സെന്ററില്‍ വിളിച്ചു വരുത്തി സിപിഐഎം നേതാക്കള്‍ ചര്‍ച്ച നടത്തിയത്. വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഡയറക്ടറോട് നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജി വെക്കാന്‍ തയ്യാറല്ലെന്ന നിലപാട് ലക്ഷ്മി ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെയാണ്, പ്രിന്‍സിപ്പല്‍ രാജി വെക്കുന്നതു വരെ ശക്തമായി സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്.