പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് അസാധു നോട്ടുകള്‍, എന്ത് ചെയ്യണമെന്ന് അറിയാതെ അധികൃതര്‍

single-img
29 January 2017


ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച അസാധു നോട്ടുകള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ അധികൃതര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് പറഞ്ഞ് മൗലാനാ ആസാദ് മെഡിക്കല്‍ കോളേജ് ഡീനായ ദീപക്.കെ. താംപെയ്ക്കാണ് 23,500 രൂപയുടെ അസാധു നോട്ടുകള്‍ ലഭിച്ചത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് താംപെയ്ക്ക് ഒരു പായ്ക്കറ്റ് ലഭിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള പണമാണ് അകത്തുള്ളതെന്ന് പായ്ക്കറ്റിന് പുറത്ത് വ്യക്തമായി എഴുതിയിരുന്നു. രണ്ട് കവറുകളിലായി ആയിരത്തിന്റെ 11 നോട്ടുകളും ബാക്കി 500 ന്റെ നോട്ടുകളുമായിരുന്നു പൊതിയിലുണ്ടായിരുന്നത്.

എന്ത് ചെയ്യണമെന്ന് അറിയാതെ ഒടുവില്‍ അദ്ദേഹം ഇവ വിജിലന്‍സിന് കൈമാറി. കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിജിലന്‍സ് ധനകാര്യ വകുപ്പിനോട് ഉപദേശം തേടിയിരിക്കുകയാണ്. കയ്യിലുണ്ടായിരുന്ന പണം മാറ്റിയെടുക്കാന്‍ സാധിക്കാതെ വന്ന ആരോ ആണ് ഈ ‘ദാനധര്‍മ’ത്തിന് പിന്നിലെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ട് തന്നെ പ്രശ്‌നത്തിന് വ്യക്തമായ ഒരു പര്യവസാനമുണ്ടാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.