അധികാരത്തിലെത്തിയതിന് പിന്നാലെ ട്രംപിന് തിരിച്ചടി; മുസ്ലിം കുടിയേറ്റ വിരുദ്ധ നിയമത്തിന് ഫെഡറല്‍ കോടതിയുടെ താത്കാലിക സ്‌റ്റേ

single-img
29 January 2017

വാഷിങ്ടണ്‍: മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുളള പൗരന്‍മാരെ വിലക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നടപടി യു എസ് ഫെഡറല്‍ കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. രണ്ട് ഇറാഖി അഭയാര്‍ത്ഥികള്‍ക്കുവേണ്ടി അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് യുഎസ് ഫെഡറല്‍ കോടതി ഉത്തരവ്.

ഇറാഖി അഭയാര്‍ത്ഥികള്‍ക്കായി അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് അധികാരമേറ്റ് ആദ്യ ആഴ്ചക്കുള്ളില്‍ തന്നെ ട്രംപിന് ശക്തമായ തിരിച്ചടി ലഭിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ അമേരിക്കയില്‍ പ്രാബല്യത്തിലായ കുടിയേറ്റ വിരുദ്ധ നിയമത്തെ തുടര്‍ന്ന് ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ എത്തിയ അഭയാര്‍ത്ഥികളെ ഇന്നലെ മുതല്‍ തടയാന്‍ തുടങ്ങിയിരുന്നു.

അഭയാര്‍ത്ഥികളെ തടയാനുളള ട്രംപ് സര്‍ക്കാരിന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും അതിനാല്‍ റദ്ദാക്കണമെന്നുമായിരുന്നു സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. താത്കാലിക സ്റ്റേയല്ല, ഉത്തരവ് പൂര്‍ണമായും റദ്ദുചെയ്യണമെന്നും ഇതുമൂലം 200 ഓളം അഭയാര്‍ത്ഥികള്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ വ്യക്തമാക്കി. അധികാരമേറ്റ് ആദ്യആഴ്ച തന്നെ ട്രംപിന് ലഭിക്കുന്ന ആദ്യ തിരിച്ചടിയാണ് ഇതെന്നും സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ അടക്കം വ്യക്തമാക്കുന്നു.

ഇറാഖി പൗരന്മാരായ ഹമീദ് ഖാലിദ് ദര്‍വീഷ്, സമീര്‍ അബ്ദുള്‍ ഖലീക് അല്‍ഷാ എന്നിവരാണ് അമേരിക്കന്‍ നടപടിയെ ചോദ്യം ചെയ്ത് യുഎസ് ഫെഡറല്‍ കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ലോക വ്യാപകമായി വിമര്‍ശനമുയരുന്ന അമേരിക്കയുടെ കുടിയേറ്റ വിരുദ്ധ നയത്തിന് കോടതി തത്കാലത്തേക്ക് വിലക്കിയത്. കോടതിയില്‍ നിന്നും തങ്ങള്‍ക്ക് സ്‌റ്റേ കിട്ടിയ കാര്യം സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഡെപ്യൂട്ടീ ലീഗല്‍ ഡയറക്ടറായ സിസിലിയ വാങ്ങാണ് ട്വിറ്റര്‍ വഴി അറിയിച്ചത്. കോടതി വിധിക്കുശേഷവും വിവിധയിടങ്ങളില്‍ അഭയാര്‍ത്ഥികളെ തടയുന്നതായുളള വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് സിസിലിയ വാങ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഡൊണാള്‍ഡ് ട്രംപ് തുടര്‍ന്നു വന്ന മുസ്ലിം വിരുദ്ധതയുടെ തുടര്‍ച്ചയാണ് മുസ്ലിം ഭൂരിപക്ഷമുളള രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാരുടെ വിലക്ക്. ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശിക്കുന്നതിനുള്ള വിലക്കാണ് ട്രംപ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കിയിരുന്നു. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്നും പുതിയ നിയമം വിലക്കിയിരുന്നു.