നടത്തിപ്പില്‍ ക്രമക്കേട് സ്‌പോര്‍സ് ഹോസ്റ്റുലുകള്‍ അടച്ചുപൂട്ടുന്നു, സംസ്ഥാനത്തെ 12 സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ പൂട്ടാന്‍ തീരുമാനിച്ചു

single-img
28 January 2017

തിരുവനന്തപുരം: സ്‌പോര്‍സ് ഹോസ്റ്റലുകളിലെ നടത്തിപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ 12 സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ പൂട്ടാന്‍ തീരുമാനിച്ചു. തൃശൂര്‍ വിമലാ കോളേജ്, കോട്ടയം സിഎംഎസ് കോളേജ് എന്നിവയടക്കം നിലവാരമില്ലാത്ത 12 ഹോസ്റ്റലുകളാണ് പൂട്ടുന്നത്.

മാത്രമല്ല നിലവാരമില്ലാത്ത 23 ഹോസ്റ്റലുകളില്‍ ഇക്കൊല്ലം പ്രവേശനം നല്‍കേണ്ടന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. നിലവാരം മെച്ചപെടുത്തിയില്ലങ്കില്‍ വരും വര്‍ഷം ഇവയും പൂട്ടും. സംസ്ഥാനത്തെ സ്‌പോര്‍ട് ഹോസ്റ്റലുകളുടെ നിലവാരത്തെ കുറിച്ച് പഠിച്ച മൂന്നംഗ വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നടപടി. ഭക്ഷണത്തിനായി അനുവദിക്കുന്ന തുക വകമാറ്റുന്നതടക്കം വ്യാപക ക്രമക്കേട് സമിതി കണ്ടെത്തിയിരുന്നു.

നിലവാരമില്ലാത്ത കുട്ടികളെ ഹോസ്റ്റലുകളില്‍ പ്രവേശിപ്പിച്ചിരിക്കുന്നതായതും സമിതി കണ്ടെത്തി. ഇതേതുടര്‍ന്നാണ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളെ മാത്രം പ്രോത്സാഹിപ്പിച്ചാല്‍ മതിയെന്ന് കൗണ്‍സില്‍ തീരുമാനമെടുത്തത്. കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് കൃത്യമായ മാനദണ്ഡം പാലിക്കുക, കൃത്യമായ ഇടവേളകളില്‍ ഹോസ്റ്റലുകളില്‍ പരിശോധന നടത്തുക എന്നീ നിര്‍ദേശങ്ങളും സമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കഴിഞ്ഞദിവസം ഹോസ്റ്റലുകളില്‍ നേരിട്ടെത്തി പരിശോധന നടത്തിയ വിദഗ്ദ സമിതിക്ക് മുന്‍പാകെ അടിസ്ഥാന സൗകര്യങ്ങളില്ലന്ന പരാതി വിദ്യാര്‍ത്ഥികളടക്കം ഉന്നയിച്ചിരുന്നു. വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 102 ഹോസ്റ്റലുകളാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തുന്നത്. ഹോസ്റ്റലുകളുടെ എണ്ണം കുറച്ച് മികച്ചവയെ മാത്രം പ്രോത്സാഹിപ്പിക്കാനാണ് കൗണ്‍സില്‍ തീരുമാനം.