ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ കിരീടം നേടി സെറീന വീണ്ടും ചരിത്രത്തിലേക്ക്, സെറീനയുടെത് 23-ാം കിരീട നേട്ടം

single-img
28 January 2017

സിഡ്‌നി: 2017 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ കിരീട നേട്ടത്തോടെ സ്‌റ്റെഫി ഗ്രാഫിന്റെ ഗ്രാന്‍ഡ് സ്ലാം നേട്ടം മറികടന്ന സെറീന വില്ല്യംസ്, പട്ടികയില്‍ 24 ഗ്രാന്‍ഡ് സ്ലാം പട്ടം സ്വന്തമാക്കിയ മാര്‍ഗരറ്റ് കോര്‍ട്ടിന് പിന്നിലായാണ്. മത്സരത്തില്‍ ആദ്യ ലീഡ് സ്വന്തമാക്കിയ സെറീന തുടക്കം മുതല്‍ക്കെ ആക്രമണ ശൈലിയാണ് പിന്തുടര്‍ന്നത്.

എന്നാല്‍ രണ്ടാം ഗെയിമില്‍ ശക്തമായ തിരിച്ച് വരവ് നടത്തിയ വീനസ് വില്യംസ് മത്സരത്തിന്റെ വീര്യം വര്‍ധിപ്പിച്ചു. ഫൈനലില്‍ സഹോദരി വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന പരാജയപെടുത്തിയത്. തുടരെ ബാക്ക് ഹാന്‍ഡ് സ്‌ട്രോക്കുകളില്‍ തിരിച്ചടിച്ച സെറീന ആദ്യ സെറ്റിനെ 64 എന്ന സ്‌കോറില്‍ സ്വന്തമാക്കി. രണ്ടാം സെറ്റിലും പിഴവുകള്‍ ആവര്‍ത്തിച്ച് വീനസിന് സെറീനയ്ക്ക് മുമ്പില്‍ ഏറെ നേരം പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല.

ഇതോടെ ആധുനിക ടെന്നീസില്‍ ഏറ്റവുമധികം ഗ്രാന്‍സ്ലാം കിരീടം നേടുന്ന താരമെന്ന ചരിത്രനേട്ടത്തിനുടമയായി സെറീന. സെറീനയുടെ 23ാം കിരീട നേട്ടമാണിത്. 22 ഗ്രാന്‍സ്ലാം കിരീടനേട്ടത്തിനുടമയായ സ്റ്റെഫി ഗ്രാഫിന്റെ റെക്കോഡാണ് സെറീന മറികടന്നത്. കിരീട നേട്ടത്തോടെ ലോകറാംഗിങില്‍ സെറീന ഒന്നാം സ്ഥാനത്തെത്തി. വീനസിനെതിരെ 9 ഗ്രാന്‍സ്ലാം ഫൈനലില്‍ മത്സരിച്ചപ്പോള്‍ ഏഴുതവണയും വിജയം സെറീനക്കൊപ്പമായിരുന്നു. ക്രൊയേഷ്യന്‍ താരം മിര്‍ജാന ലൂസിച്ച് ബറോണയ്‌ക്കെതിരെ അനായാസ ജയത്തോടെയാണ് മുപ്പത്തഞ്ചുകാരിയായ സെറീന ഫൈനലില്‍ കടന്നത്.