അമേരിക്കയിലെ ഭരണമാറ്റം ഐടി രംഗത്ത് ഭീഷണിയാവുന്നു, പ്രമുഖ കമ്പനികള്‍ ക്യാംപസ്സ് പ്ലേയ്‌സ്‌മെന്റുകള്‍ നിര്‍ത്തലാക്കുന്നു

single-img
28 January 2017

ദില്ലി : അമേരിക്കയില്‍ ഉണ്ടായ ഭരണ മാറ്റം ഐ ടി രംഗത്തെ പ്രമുഖ കമ്പനികളെ പുതിയ ക്യാംപസ്സ് പ്ലേയ്‌സ്‌മെന്റ് നടത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ ഐറ്റി രംഗത്തെ മുഴുവനും നിയന്ത്രിക്കുന്ന രാജ്യം അമേരിക്കയാണ്. ഇന്ത്യയിലെ സാമ്പത്തിക രംഗം മികവുറ്റതാക്കുന്നതില്‍ സുപ്രധാന പങ്ക് വിവരസാങ്കേതിക രംഗം വഹിക്കുന്നുണ്ട്.

ഇന്ത്യയുടെ വിവരസാങ്കേതിക വിദഗ്ധരെ മറ്റ് രാജ്യങ്ങള്‍ പോലും ആശ്രയിക്കപ്പെടുന്നതിനിടെയാണ് ഐ ടി രംഗത്ത് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റ ഡൊണള്‍ഡ് ട്രംപ് രാജ്യത്തെ കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്നും, ഐറ്റി രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുമെന്നുമാണ് വ്യക്തമാക്കിയത്. ഇത് ഫലത്തില്‍ മറ്റ് രാജ്യത്ത് നിന്നും അമേരിക്കയിലെത്തി ഐ ടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയാണ് സാരമായി ബാധിക്കുക.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഐ ടി രംഗത്തെ കയറ്റുമതിയില്‍ ഭൂരിഭാഗവും അമേരിക്കയാണ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന തരത്തില്‍ പ്ലേയ്‌സ്‌മെന്റ് നല്‍കിയ സ്ഥാനത്ത് ഇപ്പോള്‍ 13 ശതമാനം മാത്രമാണ് നടപ്പാക്കാന്‍ സാധിച്ചിട്ടുള്ളത്. രാജ്യത്തെ ക്യാമ്പസ്സുകളില്‍ ഇന്‍ഫോസ്സിസും, ടിസിഎസ്സുമാണ് പ്രധാനമായി തൊഴില്‍ പ്ലേയ്സ്സ്‌മെന്റുകള്‍ നടത്തുന്നത്. ഡൊണള്‍ഡ് ട്രംപ് സ്ഥാനാരോഹണ ചടങ്ങില്‍ രാജ്യത്തെ എല്ലാ രംഗത്തും അമേരിക്കന്‍ പൗരന്‍മാര്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് പറഞ്ഞതാണ് ഐ ടി കമ്പനികളെ പ്രതിരോധത്തിലാഴ്ത്തിയത്.