കേരളത്തിലും ദുരഭിമാന പീഡനം; കോഴിക്കോട്ട് ഇതര മതക്കാരിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിന് കുടുംബത്തിന്റെ മര്‍ദ്ദനം

single-img
28 January 2017

കോഴിക്കോട് : കേരളത്തിലും ദുരഭിമാന പീഡനം. കോഴിക്കോട ഇതര മതക്കാരിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിന് കുടുംബത്തിന്റെ ക്രൂരമര്‍ദ്ദനം. കോഴിക്കോട് തൊണ്ടയാട് സ്വദേശി ബിജോയിയെയാണ് പിതാവും സംഘവും വീട്ടില്‍ കയറി അക്രമിച്ചത്. തുടര്‍ച്ചയായി പീഡനമുണ്ടായിട്ടും പോലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്നും വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നുവെന്നും ബിജോയ് ആരോപിക്കുന്നു.
2015 ലാണ് സോറിയാസിസ് രോഗബാധിതനായി കിടപ്പിലായിരുന്ന ബിജോയിയുടെ വിവാഹം നടന്നത്. പരിചരിക്കാന്‍ ആളില്ലാതെ ആശുപത്രിയില്‍ കിടന്ന ബിജോയിക്ക് സഹായത്തിനെത്തിയ സുഹ്യത്തുമായായിരുന്നു വിവാഹം. എന്നാല്‍ ഇതര മതക്കാരിയായ യുവതിയെ വിവാഹം കഴിക്കുന്നത് വീട്ടുകാര്‍ എതിര്‍ത്തു. തുടര്‍ന്ന് കോഴിക്കോട് അന്വേഷിയുടെ സഹായത്തോടെ വിവാഹം നടന്നുവെങ്കിലും പിന്നീട് വീട്ടുകാരും പൊലീസും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നെന്ന് ഭാര്യ ഷെമീന പറയുന്നു.

വിവാഹത്തിന് ശേഷം വാടക വീട്ടിലേക്ക് മാറുകയായിരുന്നു ഇരുവരും. വാടകവീട്ടില്‍ നിന്ന് ബിജോയും ഭാര്യയും സ്വന്തം വീട്ടിലേക്ക് വന്നതോടെ കുടുംബത്തിന്റെ എതിര്‍പ്പ് അക്രമണ സ്വഭാവത്തിലേക്ക് മാറി. വീട്ടില്‍ നിന്നും മാറിത്താമസിച്ച അച്ഛനും അമ്മയും നിരന്തരമായി വേട്ടയാടുകയാണെന്നും കഴിഞ്ഞ ദിവസം മാരകായുധങ്ങളുമായെത്തി ക്രൂരമായി മര്‍ദ്ദിച്ചെന്നും ബിജോയ് പറയുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടെങ്കിലും പോലീസ് മാതാപിതാക്കളുടെ ഭാഗം ചേരുകയായിരുന്നു. പോലീസിന്റെ ഭാഗത്തു നിന്നും തങ്ങള്‍ക്ക് യാതൊരു നീതിയും ലഭിച്ചില്ലെന്നും ദമ്പതികള്‍ പറയുന്നു. പരാതിയുമായി ചെന്നിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് പക്ഷപാതപരമായ നടപടികള്‍ തുടരാന്‍ കാരണം പിതാവിന്റെ സ്വാധീനമാണെന്നും ഇവര്‍ ആരോപിക്കുന്നു്. സംഭവമറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് പോലീസ് തട്ടിക്കയറിയതായും പരാതിയുണ്ട്.