ലക്ഷ്മി നായരെ പരീക്ഷാ ചുമതലകളില്‍ നിന്ന് വിലക്കാന്‍ ഉപസമിതിയുടെ ശൂപാര്‍ശ, കോളേജിന്റെ അഫിലിയേഷന്‍ പിന്‍വലിക്കുന്നതു ഉള്‍പ്പെടെയുള്ള നടപടികളുണ്ടാവും

single-img
28 January 2017

തിരുവനന്തപുരം: ലോ അക്കാദമിയിലെ ക്രമക്കേടുകളും വിദ്യാര്‍ത്ഥി സമരത്തെയും തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പരീക്ഷാ ചുമതലകളില്‍ നിന്ന് വിലക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. അഞ്ച് വര്‍ഷത്തേക്ക് വിലക്കാനാണ് ശുപാര്‍ശ. സര്‍വകലാശാലാ നിയമങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഉപസമിതി നടപടിക്ക് ശുപാര്‍ശ ചെയ്തത്.

നാലു പേജുള്ള റിപ്പോര്‍ട്ട് ഉപസമിതി വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ചു. ലക്ഷ്മി നായര്‍ സ്വജനപക്ഷപാതം കാട്ടിയെന്നും അധികാര ദുര്‍വിനേയോഗം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കൂട്ടി നല്‍കിയതായാണ് മറ്റൊരു കണ്ടെത്തല്‍. പലരുടേയും ഇന്റേണല്‍ മാര്‍ക്ക് പൂജ്യത്തില്‍ നിന്ന് 10 വരെയായി. ഭാവി മരുമകള്‍ അനുരാധയ്ക്ക് ഇല്ലാത്ത ഹാജരും ഇന്റേണല്‍ മാര്‍ക്കും നല്‍കിയെന്നും 50 ശതമാനം പോലും ഹാജരില്ലാതിരുന്നിട്ടും പരീക്ഷ ഫലം റദ്ദു ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഈ റിപ്പോര്‍ട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യുകയാണ്. സിന്‍ഡിക്കേറ്റാണ് എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കേണ്ടത്.

ലോഅക്കാദമിയില്‍ വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് കഴിഞ്ഞ ദിവസം സിന്‍ഡിക്കേറ്റ് ഉപസമിതി വിലയിരുത്തിയിരുന്നു. ലക്ഷ്മി നായര്‍ക്കെതിരെ സിന്‍ഡിക്കേറ്റില്‍ കടുത്ത നിലപാട് എടുക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇന്റേണല്‍ മാര്‍ക്കും ഹാജറും നല്‍കുന്നതില്‍ ക്രമക്കേടുണ്ട്, വിദ്യാര്‍ഥികളുടെ സ്വകാര്യത ഹനിക്കുംവിധം ക്യാമറകള്‍ വച്ചിട്ടുണ്ട്, കുട്ടികളെ കാന്റീന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ജോലിക്ക് നിയോഗിച്ചെന്ന പരാതിയും വിശ്വസിക്കാമെന്നാണ് വിലയിരുത്തല്‍. ക്രമക്കേട് ബോധ്യപ്പെട്ടതിനാല്‍ കോളേജിന്റെ അഫിലിയേഷന്‍ പിന്‍വലിക്കുന്നതു ഉള്‍പ്പെടെയുള്ള നടപടികളുണ്ടായേക്കും.