ദേശീയ വനിതാ നീന്തല്‍ താരം തൂങ്ങി മരിച്ചു

single-img
28 January 2017

മുംബൈ: ദേശീയ വനിതാ നീന്തല്‍ താരം താനിക ധാര(23)യെ ആത്മഹത്യ ചെയ്തു. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. താനികയെ സന്ദര്‍ശിക്കുന്നതിനായി വീട്ടിലെത്തിയ സുഹൃത്താണ് ഇവര്‍ മരിച്ചതായി കണ്ടെത്തിയത്.

ബെല്ലടിച്ചിട്ടും തുറക്കാതെ വന്നതോടെ സംശയം തോന്നിയ ഇയാള്‍ സമീപവാസികളെ വിവരമറിയിച്ചു. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് അകത്തു കടക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

താനിക റെയില്‍വേ ജൂനിയര്‍ ക്ലര്‍ക്കായി ജോലി നോക്കി വരികയായിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ നടന്ന എഴുപതാമത് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ താനിക വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. ഇത് കൂടാതെ 2015 ല്‍ തിരുവനന്തപുരത്തുവെച്ച് നടന്ന മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസില്‍ വെങ്കലവും നേടിയിരുന്നു.