വികാരങ്ങളുടെ യുദ്ധം ഇവിടെ ആരംഭിക്കുന്നു, ഇരട്ടവേഷവുമായി പട്ടാളക്കാരനായ് വീണ്ടും ലാലേട്ടനെത്തുന്നു;1971 ബിയോണ്ട് ദി ബോര്‍ഡറിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

single-img
27 January 2017

 

മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനായി എത്തുന്ന മേജര്‍ രവി ചിത്രം ‘1971 ബിയോണ്ട് ദി ബോര്‍ഡറി’ ന്റെ ആദ്യ ലുക്ക് പോസ്റ്റര്‍  മോഹന്‍ലാല്‍ ഫെയ്സ്ബുക്കിലൂടെ പുറത്തിറക്കി.വികാരങ്ങളുടെ യുദ്ധം ഇവിടെ ആരംഭിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കിയത്.

19-ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് 1971ബിയോണ്ട് ദി ബോര്‍ഡര്‍ ഒരുക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ കഥ മുന്നേറുക. മോഹന്‍ലാല്‍ ഇരട്ട വേഷങ്ങളിലാണ് എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.മേജര്‍ മഹാദേവനായും അദ്ദേഹത്തിന്റെ പിതാവായ കേണല്‍ സഹദേവനായുമാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത്.മോഹന്‍ലാല്‍ ഇത് നാലാം തവണയാണ് മഹാദേവന്‍ എന്ന സൈനികന്റെ വേഷത്തില്‍ വെള്ളിത്തിരയില്‍ എത്തുന്നത്.

റെഡ്റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ രചന സംവിധായകനായ മേജര്‍ രവി തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം അല്ലു സിരിഷ്, അരുണോദയ് സിംഗ്, രഞ്ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. അതിര്‍ത്തിയിലെ പട്ടാള കേന്ദ്രങ്ങളും ട്രഞ്ചുകളുമുള്‍പ്പെടെ കൂറ്റന്‍ സെറ്റുകളാണ് ചിത്രത്തിനായി നിര്‍മ്മിച്ചത്.