തിരുവനന്തപുരം വിമാനത്താവളത്തില്‍ റഷ്യന്‍ സ്വദേശി മൂന്നാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

single-img
27 January 2017


തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വിദേശി ജീവനൊടുക്കി. റഷ്യന്‍ സ്വദേശി ഡാനിയല്‍(30) ആണ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കിയത്. മുംബൈയിലേക്ക് പോകാനെത്തിയതായിരുന്നു ഡാനിയേല്‍.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.റഷ്യയില്‍ നിന്ന് ഒരാഴ്ച മുമ്പാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.തുടര്‍ന്ന് ഇന്നലെ മുംബൈയിലേക്ക തിരിച്ച് പോകാനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡാനിയല്‍ എത്തിയത്.എമിഗ്രേഷന്‍ ക്ലിയറന്‍സിനു ശേഷം യാത്രയ്ക്ക് തയ്യാറെടുത്ത് നിന്ന ഡാനിയല്‍ മറ്റ് യാത്രക്കാര്‍ നോക്കി നില്‍ക്കെ നാലുവശം ഗ്ലാസിട്ട് മൂടിയ മൂന്നുനില കെട്ടിടത്തിന്റെ മുകളിലേക്ക് ഓടിക്കയറി.

ഇംഗ്ലീഷിലും റഷ്യന്‍ ഭാഷയിലും എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ഇയാള്‍ ഓടുന്നത് മറ്റ് യാത്രക്കാരില്‍ അമ്പരപ്പുളവാക്കിയിരുന്നു.പെട്ടന്നാണ് ഇയാള്‍ രണ്ടു കയ്യും മുന്നോട്ട് നീട്ടി എമിഗ്രേഷന്‍ ക്ലിയറന്‍സ് വിഭാഗത്തിന്റെ മുന്‍വശത്തെ തറയിലേക്ക് ചാടിയത്.നിലത്തു വീണ് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ക്ക് എയര്‍പോര്‍ട്ട് മെഡിക്കല് ടീം ഉടന്‍ അടിയന്തിര പരിചരണം ലഭ്യമാക്കി. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വലിയതുറ പോലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മറ്റു ദുരൂഹതകളും പരാതികളും സംഭവത്തില്‍ ഇല്ലെന്നും പാസ്പോര്‍ട്ടില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റഷ്യന്‍ എംബസിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.