ആ മരങ്ങള്‍ മുറിക്കില്ല;കലാശിപാളയയിലെ തത്തകളിനി അനാഥരാകില്ല.. ഈ തെരുവില്‍ നിങ്ങള്‍ക്കുമിടമുണ്ട് പറവകളേ, നിങ്ങള്‍ക്ക് ഞങ്ങളുണ്ട്

single-img
27 January 2017

 


ബാംഗളൂരിലെ കലാശിപാളയം ബസ്സ്റ്റാന്‍ഡിന് സമീപമുള്ള മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള ശ്രമത്തില്‍ നിന്നും ബിഎംടിസി പിന്മാറി. കഴിഞ്ഞ കുറച്ചു നാളുകളായി ആയിരക്കണക്കിനു തത്തകള്‍ക്ക് അഭയകേന്ദ്രമായിരുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നീക്കത്തിലായിരുന്നു ബിഎംടിസി. പുതുതായി നിര്‍മിക്കുന്ന ബസ് ടെര്‍മിനലിനു വേണ്ടിയായിരുന്ന മരങ്ങള്‍ മുറിച്ചു മാറുന്നതിനെക്കുറിച്ച് ആലോചിച്ചത്.

പക്ഷേ ഇതിനെതിരെ പരിസ്ഥിതി സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെ രൂപരേഖയില്‍ മാറ്റംവരുത്തി മരങ്ങള്‍ സംരക്ഷിക്കാന്‍ ബിഎംടിസി നിശ്ചയിക്കുകയായിരുന്നു. ബാംഗളൂര്‍ നഗരത്തിലെ പഴക്കമേറിയ കലാശിപാളയ ബസ് ടെര്‍മിനലിന്റെ സമീപത്തുള്ള ഇരുപതോളം വന്‍മരങ്ങളിലാണു തത്തകള്‍ ചേക്കേറിയിരുന്നത്. ഇവയ്ക്കു പതിവായി തീറ്റ നല്‍കിരുന്നത് സമീപത്തെ ചെറുകിട കച്ചവടക്കാരാണ്.

കലാശിപാളയിലെ ജനങ്ങള്‍ക്ക് വിരുന്നുകാരായെത്തിയ തത്തകള്‍ പ്രീയപ്പെട്ടവരായിരുന്നു.മരങ്ങള്‍ മുറിക്കാന്‍ ബിഎംടിസി തീരുമാനിച്ചതോടെ നാട്ടുകാര്‍ ആശങ്കയിലായി.തത്തകള്‍ക്ക് അഭയസ്ഥാനം നഷ്ടപ്പെടുമെന്ന് ജനങ്ങള്‍ ഭയന്നിരുന്നു.പരിസ്ഥിതി സംഘടനകള്‍ ഇവര്‍ക്കെതിര രംഗത്തെത്തി,പ്രതിഷേധം ശക്തമാക്കി.ഇതേ തുടര്‍ന്നാണ് ബിഎംടിസി മരങ്ങള്‍ മുറിക്കില്ല എന്ന തീരുമാനത്തിലെത്തിയത്.