അഴിമതിക്കാരെ സര്‍വീസില്‍ തന്നെ നിര്‍ത്തി സര്‍ക്കാര്‍ സംരക്ഷിക്കുന്നു, സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി

single-img
27 January 2017

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി. കോടികളുടെ അഴിമതി നടത്തിയ ടോം ജോസിനെപ്പോലെയുള്ള ഉദ്യോഗസ്ഥരെ സര്‍വീസില്‍ വെച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്നാണ് സര്‍ക്കാരിനോട് വിജിലന്‍സ് കോടതി ചോദിച്ചത്. ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇക്കാര്യം ചോദിച്ചത്.

മുമ്പ് ചീഫ് സെക്രട്ടറിക്കെതിരായ ഹര്‍ജിയില്‍ ഫയലുകള്‍ ഹാജരാക്കാന്‍ കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചിരുന്നു. അതിന്‍ പ്രകാരം വിജിലന്‍സ് ഹാജരാക്കിയ ഫയലുകള്‍ പ്രധാനമായും ടോം ജോസിനെതിരെയുള്ളതായിരുന്നു. ഈ ഫയലുകള്‍ പരിശോധിച്ചപ്പോളാണ് ടോം ജോസ് 2.40 കോടി രൂപയുടെ അഴിമതി നടത്തിയതായി കണ്ടെത്തിയട്ടുണ്ടെന്നും ഇത്തരം ആളുകളെ എന്തിനാണ് സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നതെന്നും കോടതി ചോദിച്ചത്. ഇതിന് കൃത്യമായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന് ആയില്ല. ഇതേത്തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി ആറിലേക്ക് മാറ്റി.

അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ കെ.എം.എബ്രഹാം, ടോംജോസ്, എഡിജിപി ശ്രീലേഖ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണ ഫയല്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് പൂഴ്ത്തിയെന്ന് ആരോപിച്ചാണ് ഹര്‍ജി. ഫയലുകളോടൊപ്പം ടോംജോസിനെതിരെ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ചീഫ് സെക്രട്ടറിക്ക് അയച്ച 10 കത്തുകളും വിജിലന്‍സ് ഹാജരാക്കിയിരുന്നു. ഇതില്‍ കൂടുതല്‍ കത്തുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.