സ്വാശ്രയ കോളേജുകള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; അബ്കാരി ബിസിനസ്സിനേക്കാള്‍ നല്ലത് സ്വാശ്രയ കോളേജുകളാണെന്ന് ചിലര്‍ കരുതുന്നതായി മുഖ്യമന്ത്രി

single-img
27 January 2017

തിരുവനന്തപുരം : സ്വാശ്രയ സ്ഥാപനങ്ങള്‍ കച്ചവടകേന്ദ്രങ്ങളായി മാറിയെന്ന് സ്വാശ്രയ കോളേജുകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷ വിമര്‍ശനം. അബ്കാരി ബിസിനസ്സിനേക്കാള്‍ നല്ലതായാണ് ചിലര്‍ സ്വാശ്രയകോളേജുകളെ കാണുന്നത്. നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ഇല്ലാതെയാണ് സംസ്ഥാനത്ത് സ്വാശ്രയ കോളേജുകള്‍ തുടങ്ങിയതും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാലയ സംരക്ഷണയജ്ഞം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മുഖ്യമന്ത്രി സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്. നല്ല ഉദ്ദേശത്തോടെയാണ് ആന്റണി സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനമെടുത്തത്. എന്നാല്‍ കച്ചവടക്കണ്ണോടെ ഈ രംഗത്തു വന്നവര്‍ എല്ലാം മാറ്റിമിച്ചെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

തട്ടിക്കൂട്ടി സ്‌കൂള്‍ ആരംഭിക്കാന്‍ ആരുടേയും അനുമതി വേണ്ട എന്ന അവസ്ഥയായി. ലാഭത്തില്‍ കണ്ണുവെയ്ക്കുമ്പോള്‍ അതിനുള്ള നീക്കം വരും. ഇത് പതിവായി എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സ്ഥാപനങ്ങളെ മയക്കാനുള്ള പ്രത്യേക മാര്‍ഗങ്ങളുമുണ്ട്. എന്നാല്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് നല്ല നിലയിലെത്തിയവര്‍ പോലും തങ്ങളുടെ മക്കളെ ഇത്തരം സ്ഥാപനങ്ങളിലയച്ച് പഠിപ്പിച്ചാലെ ഗുണം പിടിക്കു എന്ന രീതിയിലായി. ഇതേത്തുടര്‍ന്ന് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല തളര്‍ന്നു.

കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ക്ക് 50 മുതല്‍ 100 വര്‍ഷത്തെ പഴക്കമുണ്ട്. പൊതു വിദ്യാലയത്തില്‍ നിന്ന് പഠിച്ച് നല്ല നിലയ്ക്ക് ഉയര്‍ന്നു വന്ന ആളുകള്‍ അടക്കം ഇത്തരം സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിച്ചാലേ ഗുണം ലഭിക്കൂ എന്ന നിലപാട് സ്വീകരിക്കുന്ന അവസ്ഥയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അണ്‍എയ്ഡഡ് മേഖലയിലെ സ്‌കൂളുകളെ അപേക്ഷിച്ച് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ കുറവാണ്. കുട്ടികളെ ആകര്‍ഷിക്കാന്‍ അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ ഒട്ടറേ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കുമെന്നും സ്‌കൂളുകള്‍ ഹൈടെക് ആക്കുമെന്നും അദ്ദേഹം പറഞ്ഞു.