രാജ്ഭവനില്‍ ലൈംഗിക താത്പര്യങ്ങള്‍ നടപ്പിലാക്കുകയാണെന്ന ആരോപണത്തെ തുടര്‍ന്ന് മേഘാലയ ഗവര്‍ണര്‍ വി ഷണ്‍മുഖനാഥന്‍ രാജിവെച്ചു

single-img
27 January 2017

ഷില്ലോംഗ് : രാജ്ഭവനില്‍ ലൈംഗിക താത്പര്യങ്ങള്‍ നടപ്പിലാക്കുകയാണെന്ന ആരോപണത്തെ തുടര്‍ന്ന് മേഘാലയ ഗവര്‍ണര്‍ വി ഷണ്‍മുഖനാഥന്‍ രാജിവെച്ചു. രാജ്ഭവനെ ഗവര്‍ണര്‍ ലേഡീസ് ക്ലബ്ബാക്കുന്നു, രാജ്ഭവന്റെ മാന്യത തകര്‍ക്കുന്ന നടപടികളാണ് ഗവര്‍ണറുടേത് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് രാജ്ഭവന്‍ ജീവനക്കാര്‍ രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിയ്ക്കും കത്തയച്ചിരുന്നു. ഗവര്‍ണറെ എത്രയും വേഗം പുറത്താക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഗവര്‍ണറുടെ രാജി.

രാജ്ഭവനില്‍ നിരന്തരം യുവതികള്‍ വന്നുപോകുകയാണ്. ഗവര്‍ണറുടെ നേരിട്ടുള്ള ഇടപെടല്‍ വഴിയാണ് യുവതികള്‍ വന്നുപോകുന്നത് എന്നതിനാല്‍ സുരക്ഷാ ജീവനക്കാരും നടപടി സ്വീകരിക്കാനാകാതെ പ്രതിസന്ധിയിലാണ്. ഗവര്‍ണറുടെ പ്രവൃത്തി ജീവനക്കാരെ മാനസികമായി തളര്‍ത്തുന്നു എന്നും ജീവനക്കാര്‍ കത്തില്‍ ആരോപിക്കുന്നു. അഞ്ചുപേജുള്ള കത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണുള്ളത്.

രാജ് ഭവനിലെ 80 ജീവനക്കാരാണ് കത്തില്‍ ഒപ്പിട്ടിട്ടുള്ളത്. കൂടാതെ നിരവധി വനിതാ സാമൂഹ്യ പ്രവര്‍ത്തകരും ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഈ വിഷയം സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കേന്ദ്രത്തെ നേരത്തെ തന്നെ അറിയിച്ചിരുന്നതായി മുഖ്യമന്ത്രി മുകുള്‍ സാഗ്മ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ വി ഷണ്‍മുഖനാഥന്‍ 2015 മെയ് 20 നാണ് മേഘാലയ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. ജെ പി രാജ്‌ഖോവ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2016 സെപ്തംബര്‍ 16 ന് അരുണാചല്‍ പ്രദേശിന്റെ അധിക ചുമതലയും ഷണ്‍മുഖനാഥിന് നല്‍കിയിരുന്നു.