പ്രിന്‍സിപ്പലിനെ മാറ്റണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തില്‍ വസ്തുതയുണ്ട്; സര്‍വ്വകലാശാല റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

single-img
26 January 2017

 

 

 

തിരുവനന്തപുരം: ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പ്രിന്‍സിപ്പലിനെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നു. അവരുടെ ആവശ്യങ്ങളില്‍ വസ്തുതയുണ്ടെന്നു വ്യക്തമായിട്ടുണ്ട്. സര്‍വകലാശാല റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി എടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ഫെയ്സ്ബുക്കില്‍ വ്യക്തമാക്കി.

വിദ്യാര്‍ഥികളുമായി ഇന്നലെ വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായിട്ടാണ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി കോളെജില്‍ തെളിവെടുപ്പ് നടത്തിയത്. വിദ്യാര്‍ഥിനികളും രക്ഷിതാക്കളും അടക്കം ഇരുന്നൂറിലേറെ പേരാണ് എട്ടംഗ കമ്മീഷന് മുന്നില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ പരാതികള്‍ ഉന്നയിക്കാന്‍ എത്തിയത്.എസ്എഫ്ഐ, എബിവിപി, എഐഎസ്എഫ്, കെ.എസ്.യുഎന്നീ വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ലക്ഷ്മി നായരുടെ രാജി എന്ന ആവശ്യത്തില്‍ നിന്നും പിന്മാറില്ലെന്നും അനുകൂല തീരുമാനം ഉണ്ടാകുന്നത് വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ഥി സംഘടനകള്‍ പറയുന്നത്.