കലാചന്ദ്രിക പബ്ലികേഷന്‍സിന്റെ ഉദ്ഘാടനവും ആദ്യ പുസ്തക പ്രകാശനവും 29 ന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തും.

single-img
26 January 2017

 

കലാചന്ദ്രിക പബ്ലികേഷന്‍സിന്റെ ഉദ്ഘാടനവും ആദ്യ പുസ്തക പ്രകാശനവും തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ വെച്ച് പ്രസിദ്ധ ഗാനരചയതാവ് ബിച്ചുതിരുമല നിര്‍വഹിക്കും. സന്തോഷ് പുന്നയ്ക്കലിന്റെ വീട്ടിലേക്കുള്ള വഴി എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് നടക്കുന്നത്. മുന്‍ ചീഫ് സെക്രട്ടറി സിപി നായര്‍ പത്രപ്രവര്‍ത്തകനായ ജി ശേഖരന്‍ നായര്‍ക്ക് നല്‍കി പുസ്തകം പ്രകാശനം നടത്തും.

തിരക്കുപിടിച്ച ജീവിതയാത്രക്കിടയില്‍ നടക്കുന്ന ചില സംഭവങ്ങളും വ്യക്തികളും മനസിനെ കൊളുത്തി വലിക്കാറുണ്ട് അത്തരം സംഭവങ്ങളെ മറ്റൊരു ഭാവത്തില്‍ കഥകളുടെ രൂപം നല്‍കിയിരിക്കുകയാണ് ഈ പുസ്തകത്തില്‍. ഇരുപത് കഥകളാണ് ഇതിലുള്ളത്. സന്തോഷിന്റെ കഥകള്‍ കാമ്പുള്ളവയാണ്. കഴിഞ്ഞ പതിനെട്ടു വര്‍ഷത്തിനിടയില്‍ പലപ്പോഴായി എഴുതപ്പെട്ടിട്ടുള്ളവയാണ് ഈ കഥകള്‍. കഥാരചന രംഗത്ത് വന്നിട്ടുള്ള കാലികമായ മാറ്റങ്ങളുടെ അനുരണങ്ങള്‍ അനുഭവഭേദ്യമാക്കാന്‍ സന്തോഷ് പുന്നക്കലിന് ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.

സുനില്‍ വെട്ടിയറ പുസ്തകത്തെ പരിചയപ്പെടുത്തും. പ്രശസ്ത സാഹിത്യക്കാരന്‍ ബാബു കുഴിമറ്റം, സംവിധായകന്‍ കബീര്‍ റാവുത്തര്‍, പ്രൊഫ. വി. ശ്രീകണ്ഠന്‍, സുലേഖ കുറുപ്പ്, നടയറ മുഹമ്മദ് കബീര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. ചടങ്ങിന് എംഎം പരവൂര്‍ അധ്യക്ഷത വഹിക്കും. ചടങ്ങിന് കലാചന്ദ്രിക മാനേജിംഗ് എഡിറ്റര്‍ കെ.ഹരികുമാര്‍ സ്വാഗതവും അജിത് പനവള്ളി നന്ദിയും പറയും. ഉദ്ഘാടനത്തോടനുബന്ധിച്ച് കവിയരങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി 29 ന് വൈകുന്നേരം 4 മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.