നഗരസഭ അംഗീകരിച്ചു നല്‍കിയ രണ്ട് വികലാംഗരുടെ വഴിയോര കച്ചവട സ്ഥാപനങ്ങള്‍ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റി, പുനസ്ഥാപിക്കാനെത്തിയ കച്ചവടക്കാരെയും സന്നദ്ധ സംഘടനയെയും തടഞ്ഞ് പോലീസ്, സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘര്‍ഷം

single-img
26 January 2017


വഴിയോര കച്ചടവത്തിനായി ഇറങ്ങി തിരിക്കുന്നത് പലപ്പോഴും സമുഹത്തിന്റെ ഏറ്റവും താഴെതട്ടില്‍ ജീവിക്കുന്നവരാണ്. അവരില്‍ വയോജനങ്ങളും, വൈകല്യമുള്ളവരും, നിരാലംബരായ സ്ത്രീകളും ഉണ്ടാവും. വേറെ ഉപജീവനമാര്‍ഗമില്ലാത്ത ഇവര്‍ കാലകാലങ്ങളായി വേട്ടയാടപ്പെട്ടുക്കൊണ്ടെയിരിക്കുന്നു.

അത്തരത്തില്‍ സെക്രട്ടറിയേറ്റിനു സമീപം വര്‍ഷങ്ങളായി പെട്ടികട നടത്തുന്ന രണ്ട് വികലാംഗരുടെ കട എല്ല വര്‍ഷവും സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലും പോലീസ് പറയുന്നത് അനുസരിച്ച് സുരക്ഷയുടെ ഭാഗമായി മാറ്റാറുണ്ടായിരുന്നു. ആഘോഷങ്ങള്‍ കഴിഞ്ഞു ഇവ പുനസ്ഥാപിക്കുകയും ചെയ്യും. എന്നാല്‍ ഇന്ന് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി അത്തരത്തില്‍ മാറ്റിയ കട തിരികെ വെയ്ക്കാന്‍ കൊണ്ട് വന്നപ്പോള്‍ പോലീസ് അനുവദിച്ചില്ല. നോട്ടീസ് പോലും നല്‍കാതെ മാര്‍ഗതടസം സൃഷ്ടിക്കുന്നു എന്ന പേരിലാണ് കടകള്‍ മാറ്റിയിരിക്കുന്നത്.

എന്നാല്‍ ഇവരെ പുനരധിവസിപ്പിക്കാന്‍ ഒന്നും തീരുമാനം ഇല്ല. സംഭവത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘര്‍ഷമുണ്ടായി. 2015 ല്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്ന മുനീര്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ആ ചര്‍ച്ചയില്‍ ഇവരെ പുനരധിവസിപ്പിക്കാനുള്ള മാര്‍ഗങ്ങളുണ്ടാക്കുകയും അത് നടപ്പാക്കുകയും ചെയ്യണമെന്ന് മന്ത്രിയടക്കമുള്ളവരെല്ലാം തീരുമാനിച്ചിരുന്നു. എല്ലാ മാസവും മേയറും കളക്ടറുമടക്കം ഇതിന് വേണ്ടി യോഗം കൂടുണമെന്നും അതില്‍ രണ്ടുപേര്‍ പ്രതിനിധികളായി വരണമെന്നും ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ലഘുലേഖ പുറത്തിറക്കിയിരുന്നു.

അത് നടന്നില്ല എന്നതിന് പുറമെ നഗരസഭയില്‍ നിന്നും മേയര്‍ അടക്കമുള്ളവര്‍ അംഗീകരിച്ചു കൊടുത്തിരിക്കുന്ന രണ്ട് കടകളാണ് ഇപ്പോള്‍ എടുത്തു കളഞ്ഞിരിക്കുന്നത്. നഗരസഭയില്‍ നിന്നും പ്ലാന്‍ വരച്ചു നല്‍കിയിരിക്കുന്ന സ്ഥലത്ത് നിന്നുള്ള കടകളാണിത്. ജ്വാല എന്ന സംഘടന വഴി തിരുവനന്തപുരത്ത് നല്‍കിയിരിക്കുന്ന 12 കടകളും എടുത്തു കളയണമെന്ന് കഴിഞ്ഞയാഴ്ച പിഡബ്ല്യടി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വഴിയാത്രക്കാര്‍ക്ക് തടസ്സം സൃഷ്ടിക്കാത്ത രീതിയില്‍ അവ നടത്തി കൊണ്ടു പോവാന്‍ തടസമില്ലെന്ന് ഉത്തരവുണ്ടായതായി ജ്വാല സംഘടനയുടെ ഡയറക്ടര്‍ അശ്വതി ഇവാര്‍ത്തയോട് പറഞ്ഞു.