വാഗ്ദാനങ്ങള്‍ പാലിച്ച് ട്രംപ്, കുടിയേറ്റം ഒഴിപ്പിക്കുന്നതിനായി യുഎസ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മാണത്തിനുള്ള ഉത്തരവില്‍ ഒപ്പുവെച്ചു

single-img
26 January 2017


വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മാണത്തിനുള്ള ഉത്തരവില്‍ ഒപ്പുവെച്ചു. യുഎസ് നഗരങ്ങളിലേക്ക് അനധികൃതമായുള്ള കുടിയേറ്റങ്ങള്‍ തടയാനും ഒഴിപ്പിക്കാനുമാണ് അതിര്‍ത്തിയിലുട നീളം 2000 മൈല്‍ നീളത്തില്‍ മതില്‍ നിര്‍മ്മാണത്തിന് ഉത്തരവായത്. തെരഞ്ഞെടുപ്പു വേളയില്‍ ട്രംപ് മുന്നോട്ടു വെച്ച പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു യുഎസ്‌ മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍.

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഉത്തരവില്‍ ട്രംപ് ഒപ്പു വെച്ചിരിക്കുന്നത്. എന്നാല്‍ ദേശീയസുരക്ഷക്കായാണ് ഇത്തരത്തിലൊരു നീക്കമെന്ന് ട്രംപ് ആവര്‍ത്തിച്ചു. കുടിയേറ്റ വിരുദ്ധ വികാരം ഉയര്‍ത്തി അധികാരത്തിലെത്തിയ ട്രംപ് അനധികൃത കുടിയേറ്റങ്ങള്‍ നിയന്ത്രിക്കാനുള്ള ഒരുക്കത്തിലാണ്. മുസ്ലീം ഭൂരിപക്ഷ പശ്ചിമേഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് വിസ നിയന്ത്രണമേര്‍പ്പെടുത്താനും തീരുമാനമുണ്ട്. ഉടന്‍ ഉത്തരവാക്കുമെന്നാണ് ട്രംപ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അധികാരത്തിലെത്തിയതിന് പിന്നാലെ ഒബാമ കെയര്‍ അടക്കം പദ്ധതികള്‍ മരവിപ്പിച്ച ട്രംപ് നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. സിറിയ, സുഡാന്‍, സൊമാലിയ, ഇറാഖ്, ഇറാന്‍, ലിബിയ, യെമന്‍ എന്നീ പശ്ചിമേഷ്യന്‍ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് പ്രസിഡന്റ് ട്രംപ് വിസ നിയന്ത്രണമേര്‍പ്പെടുത്തുക. അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യാനും ട്രംപ് നിര്‍ദ്ദേശം നല്‍കാന്‍ തീരുമാനിച്ചതായാണ് സൂചന. ഇതിനെതിരെ ഡെമോക്രാറ്റുകള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുന്നത് ഇരുരാജ്യങ്ങളുടേയും സുരക്ഷ വര്‍ധിപ്പിക്കുമെന്ന് പറഞ്ഞ ട്രംപ് മതില്‍ നിര്‍മ്മാണത്തിന് മെക്‌സിക്കോയും പണം ചെലവഴിക്കണമെന്ന് ആവശ്യപ്പെട്ടു. സുരക്ഷാ പരിശോധനക്കായി 10,000 ഉദ്യോഗസ്ഥരെ ഇവിടെ വിന്യസിക്കുമെന്നും ട്രംപ് അറിയിച്ചു.

അതേ സമയം കുടിയേറ്റക്കാര്‍ക്കായുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങളെ നിയമപരമായി തന്നെ നേരിടുമെന്നാണ് ന്യൂയോര്‍ക്ക് മേയര്‍ പറയുന്നത്. 3,200 കിലോമീറ്ററാണ് യുഎസ്‌മെക്‌സിക്കോ അതിര്‍ത്തിയിലെ നിര്‍ദ്ദിഷ്ട മതിലിന്റെ നീളം. അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള സംരക്ഷണം നല്‍കുന്നത് തദ്ദേശ സ്ഥാപനങ്ങളാണ്. ഈ സംവിധാനവും അവസാനിപ്പിക്കാനാണ് ട്രംപിന്റെ തീരുമാനം. രേഖകളില്ലാതെ താമസിക്കുന്ന കുടിയേറ്റക്കാരെ പുറത്താക്കാനും തീരുമാനമുണ്ട്.

എന്നാല്‍ ട്രംപിന്റെ തീരുമാനങ്ങളുമായി സഹകരിക്കില്ല എന്ന് വിവിധ പ്രാദേശിക ഭരണകൂടങ്ങള്‍ ഇതിനോടകം അറിയിച്ചു കഴിഞ്ഞു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തേണ്ട ചുമതല പ്രാദേശിക ഭരണകൂടങ്ങള്‍ക്കാണ്. ഇതുമായി ഇവര്‍ സഹകരിക്കില്ല എന്നാണ് പറയുന്നത്. രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണ് ട്രംപിന്റെ ഉത്തരവുകള്‍ എന്നാണ് എതിര്‍ പക്ഷത്തുള്ളവര്‍ വിലയിരുത്തുന്നത്. കുടിയേറ്റക്കാര്‍ക്കിടയില്‍ നിയമബോധവല്‍ക്കരണം നടത്താനാണ് ട്രംപ് വിരുദ്ധരുടെ നീക്കം.