വയനാട്ടില്‍ ആദിവാസികള്‍ ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ വീണ്ടും ഭൂസമരത്തിനൊരുങ്ങുന്നു

single-img
26 January 2017

വയനാട് : ആദിവാസികള്‍ ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ വീണ്ടും ഭൂസമരത്തിനൊരുങ്ങുന്നു. മുത്തങ്ങ വാര്‍ഷിക ദിനാചരണത്തോടെയാണ് സമരം ആരംഭി്ക്കുക. സമരത്തിന്റെ ആദ്യപടിയായി, ഫെബ്രുവരി 18 ന് വയനാട് കലക്ടറേറ്റിനു മുമ്പില്‍ നില്‍പ്പുസമരം നടത്തും.

മുത്തങ്ങ സമരത്തിനു ശേഷം ആദിവാസികള്‍ക്ക് ഭൂമി നല്‍കാനായി നിരവധി പ്രഖ്യാപനങ്ങളുണ്ടായി. പലര്‍ക്കും ഭൂമിയുടെ രേഖയും നല്കി. എന്നാല്‍, വയനാട്ടില്‍ ഈ ഭൂമി എവിടെയാണെന്നു പോലും അറിയാത്ത, കുടുംബങ്ങള്‍ ഏറെയുണ്ട് . ഇവരെല്ലാം ചേര്‍ന്ന് ആദിവാസി ഗോത്രമഹാസഭയുടെ കീഴില്‍ വീണ്ടും ഒരു ഭൂസമരത്തിന് ഒരുങ്ങുകയാണ്.

സി.കെ. ജാനു എന്‍ഡിഎയില്‍ എത്തിയതിനു ശേഷമുള്ള ആദ്യ മുത്തങ്ങാ ദിനാചരണമാണ് ഈ വര്‍ഷത്തേത്. മുത്തങ്ങ സമരം ബിജെപി ഏറ്റെടുക്കേണ്ടന്ന നിലപാടാണ് ആദിവാസി ഗോത്രമഹാസഭയുടെത്. 18ന് കല്‍പ്പറ്റയില്‍ ഭൂസംരക്ഷണ റാലിയ്ക്കു ശേഷമായിരിക്കും നില്‍പ്പ് സമരം. വാര്‍ഷിക ദിനമായ 19 ന് മുത്തങ്ങ സമരത്തിലെ രക്തസാക്ഷി ജോഗിയുടെ കുടുംബത്തിന് ലഭിച്ച സ്ഥലത്ത്, ഭൂമി പൂജ നടത്തും. പട്ടയം ലഭിച്ചിട്ടും കുടുംബങ്ങള്‍ക്ക് കൈമാറാത്ത ഭൂമിയിലായിരിക്കും താല്‍ക്കാലിക കുടില്‍ കെട്ടല്‍ സമരം നടത്തുക.