അര്‍ണാബ് ഗോസ്വാമിയുടെ പുതിയ ചാനലിന് റിപ്പബ്ലിക് എന്ന പേര് അനുവദിക്കരുത്;സുബ്രഹ്മണ്യന്‍ സ്വാമി

single-img
25 January 2017

 

 

അര്‍ണാബ് ഗോസ്വാമിയുടെ പുതിയ ചാനലിനെതിരെ ബിജെപി എംപിയായ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി. ‘ റിപ്പബ്ലിക്’ എന്നാണ് അര്‍ണാബിന്റെ പുതിയ ചാനലിന്റെ പേര്. ചാനലിന് ‘റിപ്പബ്ലിക്’ എന്ന പേരില്‍ ലൈസന്‍സ് അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ് സുബ്രഹ്മണ്യന്‍ സ്വാമി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്ത് നല്‍കിയത്.ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് റിപ്പപ്ലിക് ചാനല്‍ സംപ്രേക്ഷണം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഔദ്യോഗിക ചിഹ്നങ്ങളും പേരുകളും വാണിജ്യ, പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വിലക്കുന്ന 1950-ലെ നിയമം ചൂണ്ടിക്കാട്ടിയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ കത്ത്. റിപ്പബ്ലിക് ദിനത്തില്‍ പുതിയ ചാനല്‍ പ്രക്ഷേപണം ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
റിപ്പബ്ലിക് എന്ന പേരില്‍ ഇതിനകം ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്വിറ്ററില്‍ ഒരു ലക്ഷത്തോളം പേരാണ് ഈ പേജ് ഫോളോ ചെയ്യുന്നത്.

എജിആര്‍ ഔട്ട്ലിയര്‍ മീഡിയാ പ്രവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് പുതിയ ചാനല്‍ പ്രവര്‍ത്തനമാരംഭിക്കുക. ഏഷ്യാനെറ്റ് ന്യൂസ് ഉടമയും രാജ്യസഭാംഗവും, കേരളാ എന്‍ഡിഎ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറിനാണ് അര്‍ണാബിന്റെ പുതിയ ചാനലില്‍ കൂടുതല്‍ നിക്ഷേപമുള്ളത്.