പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റണമെന്ന മുദ്രാവാക്യത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ എസ്.എഫ്.ഐക്ക് സി.പി.എം നിര്‍ദേശം:ലക്ഷ്മി നായരുടെ രാജിയല്ല, പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടതെന്ന് ലോ അക്കാദമി എസ്എഫ്‌ഐ യൂണിറ്റ്

single-img
25 January 2017

 


തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ ഡോ. ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ എസ്എഫ്ഐക്ക് സിപിഎം നിര്‍ദേശം. വിദ്യാര്‍ഥി നേതാക്കളെ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് വിളിച്ചു വരുത്തി സിപിഎം ജില്ലാ നേതൃത്വമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.പ്രിന്‍സിപ്പള്‍ ലക്ഷ്മി നായരെ മാറ്റണം എന്ന ആവശ്യമൊഴിച്ചുള്ള മറ്റെല്ലാ ആവശ്യങ്ങളും പരിഹരിക്കാമെന്നാണ് സിപിഎം പറഞ്ഞത്.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരെ രാജിവെപ്പിക്കുകയല്ല, പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലോ അക്കാദമി എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ദേവ് കൃഷ്ണന്‍ പറഞ്ഞു.ലക്ഷ്മി നായരുടെ രാജി ആവശ്യത്തില്‍ നിന്നും എസ്എഫ്‌ഐ പിന്മാറണമെന്ന സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശത്തെക്കുറിച്ചുളള ചോദ്യത്തിനായിരുന്നു യൂണിറ്റ് പ്രസിഡന്റിന്റെ ഇത്തരത്തിലുളള മറുപടി.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരന്‍ നാരായണന്‍ നായരുടെ മകളാണ് ലക്ഷ്മി നായര്‍.ലോ അക്കാദമിയിലെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ കൈരളി ചാനലിലെ പ്രധാന പരിപാടികളിലൊന്നായ ഫ്‌ളേവേഴ്‌സ് ഓഫ് ഇന്ത്യയുടെ അവതാരക കൂടിയാണു. പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥിയായ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ശാക്തമായ കാമ്പയിൻ സ്വീകരിച്ച കൈരളി ചാനൽ ലോ അക്കാദമി സമര വാര്‍ത്തകള്‍ മുക്കിയതും ലക്ഷ്മി നായരുടെ വാര്‍ത്താസമ്മേളനം ലൈവ് ചെയ്തതും ചർച്ചയായിരുന്നു.

താന്‍ രാജിവെക്കില്ലെന്ന് ലക്ഷ്മിനായര്‍ സിപിഎം നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം വിദ്യാര്‍ഥി നേതാക്കളെ അറിയിക്കുക മാത്രമാണ് ജില്ലാ നേതൃത്വം ചെയ്‌തെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രഥിന്‍ സാഥ് കൃഷ്ണ അറിയിച്ചു.അതേസമയം പ്രിന്‍സിപ്പലിനെ മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് വ്യക്തമാക്കി.

പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ഥികള്‍ക്കെതിരായി നടത്തുന്ന ജാതിവിവേചനം അടക്കമുളള കാര്യങ്ങള്‍ക്കെതിരായിട്ടാണ് ലോ അക്കാദമിയില്‍ എസ്എഫ്ഐ, എഐഎസ്എഫ്, കെ എസ് യു ,എബിവിപി എന്നീ വിദ്യാര്‍ഥി സംഘടനകള്‍ സമരത്തിനിറങ്ങിയത്.

സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോളാണ് എസ്എഫ്ഐയോട് സിപിഐഎം ഇത്തരത്തില്‍ ആവശ്യമുന്നയിക്കുന്നത്. രാജി ഒഴികെ മറ്റെന്ത് കാര്യങ്ങളും വിദ്യാര്‍ഥികളുമായി സംസാരിക്കാമെന്ന നിലപാടിലാണ് പ്രിന്‍സിപ്പലായ ലക്ഷ്മി നായരും.സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വി.എസ് അച്യുതാനന്ദന്‍ ഇന്ന് രാവിലെ സമരപന്തലിലെത്തി. കൂടാതെ വി.എം സുധീരനും, പി.കെ കുഞ്ഞാലിക്കുട്ടിയും അടക്കമുളളവര്‍ ഇന്ന് സമരപന്തലിലേക്ക് എത്തുന്നുണ്ട്. രണ്ടാഴ്ചക്ക് ശേഷം ഇന്നുമുതല്‍ കോളെജില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നാണ് വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നത്