നടനവൈഭവത്തിന്റെ തേജോരൂപം; കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരിക്ക് പത്മശ്രീ പുരസ്‌കാരം

single-img
25 January 2017

 

 

 
തിരുവനന്തപുരം: കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് പത്മശ്രീ പുരസ്‌കാരം. കഥകളി രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.അഭിജാത കലയായ കഥകളിയില്‍ തുടങ്ങി ശാസ്ത്രീയ നൃത്തങ്ങളിലേക്ക് ചുവടുമാറ്റി പിന്നെ ജനപ്രിയമായ നാടോടി നൃത്ത ശൈലികളിലൂടെ സഞ്ചരിച്ച് വീണ്ടും കഥകളിയിലേക്കെത്തിയ കലാകാരനാണ് ഗുരു ചേമഞ്ചേരി.

1916 ജൂണ്‍ 26ന് ജനിച്ച ചേമഞ്ചേരി നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം അസാമാന്യ പാടവം പ്രദര്‍ശിപ്പിച്ചു. 1977ലാണ് മലബാര്‍ സുകുമാരന്‍ ഭാഗവതരോടൊപ്പം പൂക്കാട് കലാലയവും 1983ല്‍ കഥകളി വിദ്യാലയവും സ്ഥാപിച്ചത്. 10 കൊല്ലം കേരള സര്‍ക്കാര്‍ നടനഭൂഷണം എക്സാമിനറായും മൂന്ന് വര്‍ഷം തിരുവനന്തപുരം ദൂരദര്‍ശന്‍ നൃത്തവിഭാഗം ഓഡീഷന്‍ കമ്മിറ്റി അംഗമായും രണ്ട് വര്‍ഷം സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായും സേവനമനുഷ്ടിച്ചു.

1990 ല്‍ ഫെല്ലോഷിപ്പ് നല്‍കി കേരള സംഗീത നാടക അക്കാദമി ആദരിച്ചു. 2001 ല്‍ കേരള കലാമണ്ഡലം വിശിഷ്ടസേവനത്തിന് അവാര്‍ഡ് നല്‍കി. ഫോക്ലാന്‍ഡ് ഏര്‍പ്പെടുത്തിയ 2011 ലെ കാനാ കണ്ണന്‍ നായര്‍ ആശാന്റെ സ്മരണയ്ക്കായുള്ള നാട്യരത്ന പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി