ഈ വിഷം ഞങ്ങള്‍ വില്‍ക്കില്ല,കുടിക്കില്ല; കൊക്കകോളയും പെപ്സിയും തമിഴ്നാട്ടില്‍ വില്‍ക്കില്ലെന്ന് വ്യാപാരികള്‍

single-img
25 January 2017

 
ചെന്നൈ:ആരോഗ്യത്തിന് ഹാനികരമായ സോഫ്റ്റ് ഡ്രിങ്കുകളും കുടിവെള്ളവും വില്‍ക്കരുതെന്ന് തമിഴ്നാട്ടിലെ വ്യാപാരികളോട് സംസ്ഥാനത്തെ വ്യാപാരി സംഘടനകള്‍. കൊക്കകോള, പെപ്സി അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ മാര്‍ച്ച് ഒന്ന് മുതല്‍ വില്‍ക്കരുതെന്നാണ് നിര്‍ദേശം.

വിദേശ ബ്രാന്‍ഡുകളുടെ ദുഷ്ഫലങ്ങളെക്കുറിച്ച് വ്യാപാരികളെ ബോധവത്കരിക്കാന്‍ ഫെബ്രുവരിയില്‍ സംഘടനകള്‍ നേരിട്ട് രംഗത്തിറങ്ങുമെന്ന് തമിഴ്നാട് വ്യാപാരി സംഘടനാ നേതാവ് എഎം വിക്രംരാജ പ്രതികരിച്ചു. വിദേശ ബ്രാന്‍ഡുകളുടെ പാനീയങ്ങള്‍ ശരീരത്തിന് ഹാനികരമാണ്. അപകടകരമായ രാസവസ്തുക്കള്‍ ഉള്ള തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കുട്ടികളെ ഹാനികരമായി ബാധിക്കുമെന്ന് ഒരു ബ്രാന്‍ഡ് അടുത്തിടെ മാത്രമാണ് സമ്മതിച്ചതെന്നും വിക്രംരാജ പറഞ്ഞു.

മറീന ബീച്ചില്‍ നടന്ന ജല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ നിരവധി പേര്‍ വിദേശ ബ്രാന്‍ഡുകളുടെ പാനീയങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നതായി ‘ദി ന്യൂസ് മിനിറ്റ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാനീയ നിര്‍മ്മാണത്തിന് കമ്പനികള്‍ സംസ്ഥാന ജല സ്രോതസ്സുകള്‍ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആവശ്യം. നിരോധിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലാത്തതിനാലാണ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുതെന്ന് വ്യാപാരികളോട് ആവശ്യപ്പെട്ടതെന്ന് തമിഴ്നാട് വ്യാപാരി ഫെഡറേഷന്‍ തലവന്‍ വെള്ളയ്യന്‍ പറഞ്ഞു.

ബഹുരാഷ്ട്ര കമ്പനികളുടെ ഉല്‍പ്പന്നങ്ങളില്‍ കീടനാശിനികള്‍ ഉണ്ടെന്നും ആരോഗ്യത്തിന് ഹാനികരമാണെന്നും ചൂണ്ടിക്കാട്ടിയുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഉല്‍പ്പന്നങ്ങള്‍ നിരോധിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. പക്ഷെ അതിന് സര്‍ക്കാര്‍ തയ്യാറല്ലാത്തതിനാല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചതായി തമിഴ്നാട് വ്യാപാരി ഫെഡറേഷന്‍ നേതാവ് വെള്ളയ്യന്‍ പറഞ്ഞു.ഇന്ത്യയിലെ സോഫ്റ്റ് ഡ്രിങ്ക് വിപണിയില്‍ 80 ശതമാനവും കൊക്കകോളയും പെപ്സിക്കോയുമാണ് കയ്യടക്കിവെച്ചിരിക്കുന്നത്.