കുറ്റവിമുക്തനാക്കിയിട്ടും വീണ്ടുമെന്നെ വേട്ടയാടുന്നു,എന്നെ കളിക്കാനനുവദിക്കണം; ബിസിസിഐയോട് അപേക്ഷിച്ച് ശ്രീശാന്ത്

single-img
25 January 2017

 

 

 

 

കോഴിക്കോട്: ക്രിക്കറ്റിലേക്ക് തിരികെവരാന്‍ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. ഐപിഎല്‍ കോഴക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയിട്ടും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) നിലപാടു വ്യക്തമാക്കുന്നില്ലെന്നും ശ്രീശാന്ത് ആരോപിച്ചു. ക്രിക്കറ്റില്‍നിന്നു വിലക്കിക്കൊണ്ടുള്ള രേഖകള്‍ ഇതുവരെ ബിസിസിഐയില്‍നിന്ന് ലഭിച്ചിട്ടില്ല. ക്രിക്കറ്റ് കളിക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടം തുടരുമെന്നും ശ്രീശാന്ത് ട്വിറ്ററിലൂടെ പറയുന്നു

കോടതി തന്നെ കുറ്റവിമുക്തനാക്കിയതു മുതല്‍ എന്റെ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐക്ക് ഞാന്‍ നിരന്തരമായി മെയില്‍ അയക്കാറുണ്ട്. എന്നാല്‍ ഒന്നിനു പോലും ബി.സി.സി.ഐ ഇതുവരെ മറപടി അയച്ചിട്ടില്ല. നിങ്ങളെല്ലാവരും ഈ സത്യം അറിയണം. ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.എന്നെ കളിപ്പിക്കരുതെന്നോ എനിക്ക് ആജിവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയെന്നോ പറഞ്ഞ് ഇതുവരെ കേരള ക്രിക്കറ്റ് അസോസിയേഷനോ എറണാകുളം ജില്ലാ അസോസിയേഷനോ ഞാന്‍ കളിക്കുന്ന ക്ലബ്ബിനോ ഇതുവരെ ഒരു കത്തും ലഭിച്ചിട്ടില്ല. ശ്രീശാന്ത് വ്യക്തമാക്കി.കഴിഞ്ഞ ദിവസമാണ് സ്‌കോട്ടിഷ് പ്രീമയര്‍ ലീഗില്‍ കളിക്കാനുള്ള ശ്രീശാന്തിന്റെ അപേക്ഷ ബി.സി.സി.ഐ തള്ളിയത്. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അധ്യക്ഷനായ കമ്മിറ്റി ശ്രീശാന്തിന് എന്‍.ഒ.സി നിഷേധിക്കുകയായിരുന്നു.

സ്‌കോട്ട്ലന്‍ഡ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ ശ്രീശാന്തിന് ക്ഷണം ലഭിച്ചിരുന്നെങ്കിലും ബിസിസിഐ അനുമതി നല്‍കാത്തതിനാല്‍ അദ്ദേഹത്തിന് കരാര്‍ ഒപ്പിടാന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലീഗില്‍ കളിക്കാന്‍ അനുമതി തേടി ശ്രീശാന്ത് ബിസിസിഐയെ സമീപിച്ചിരുന്നെങ്കിലും അവര്‍ മറുപടി നല്‍കിയിരുന്നില്ല.

2013 ഐ.പി.എല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്കെതിരെ ഉന്നയിച്ച കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.