ലോ കോളജ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി വി.എസ്; വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി വിദ്യാഭ്യാസമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

single-img
25 January 2017

 

 

തിരുവനന്തപുരം: ലോ കോളജില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി വി.എസ്.അച്യുതാനന്ദന്‍ സമരവേദിയിലെത്തി. എസ്എഫ്ഐയുടെ സമരപ്പന്തലിലാണ് വിഎസ് സന്ദര്‍ശനം നടത്തിയത്. ലോ അക്കാദമിയുടെ കൈവശമുള്ള ഭൂമി പിടിച്ചെടുക്കണമെന്നും വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും വി എസ് പറഞ്ഞു.

ലോ കോളജില്‍ വിദ്യാര്‍ഥികളെ മാനേജ്മെന്റ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചും പ്രിന്‍സിപ്പലിന്റെ രാജി ആവശ്യപ്പെട്ടും വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ സമരത്തില്‍ ഇടപെടുന്നു. വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി മന്ത്രി സി.രവീന്ദ്രനാഥ് ഇന്നു വൈകിട്ടു നാലിനു ചര്‍ച്ച നടത്തും. അക്കാദമിയില്‍ സര്‍വകലാശാല ഉപസമിതി തിങ്കളാഴ്ച തുടങ്ങിയ തെളിവെടുപ്പു പൂര്‍ത്തിയായി. രേഖകളുടെ പരിശോധനയും ഹോസ്റ്റലിലെ ക്യാമറ ഉള്‍പ്പെടെ സംവിധാനങ്ങളുടെ പരിശോധനയും ഇന്നു നടത്തും.

ഉപസമിതി ഇന്നലെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെയും അധ്യാപകരുടെയും മൊഴിയെടുത്തു. ആരോപണങ്ങള്‍ പ്രിന്‍സിപ്പല്‍ നിഷേധിച്ചു. ഉപസമിതി മുന്‍പാകെ പരാതിയുമായി എത്തിയവരില്‍ ഭൂരിപക്ഷവും പ്രിന്‍സിപ്പലിന്റെ ഇടപെടല്‍ മോശമാണെന്നും ഇന്റേണല്‍ മാര്‍ക്കിന്റെ കാര്യത്തില്‍ സുതാര്യതയില്ലെന്നുമാണു പരാതിപ്പെട്ടത്. 30 അധ്യാപകരും ഇന്നലെ മൊഴി നല്‍കി. ഇവര്‍ മാനേജ്മെന്റിന് അനുകൂല നിലപാടെടുത്തു എന്നാണു സൂചന. അതിനിടെ, വിദ്യാര്‍ഥികളോടു പ്രിന്‍സിപ്പല്‍ ഫോണില്‍ അധിക്ഷേപകരമായി സംസാരിക്കുന്നതിന്റെ ഓഡിയോ ഇന്നലെ പുറത്തു വന്നു. സര്‍വകലാശാല ഉപസമിതി റിപ്പോര്‍ട്ട് 28നു ചേരുന്ന സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗം ചര്‍ച്ച ചെയ്തു തുടര്‍നടപടി തീരുമാനിക്കും.