കണ്ണൂരിൽ യുവാവിനെ കൊലപ്പെടുത്തിയത് ഉത്തരേന്ത്യൻ മാതൃകയിൽ; സാമൂഹ്യദ്രോഹിയാണെന്നാരോപിച്ച് ജനക്കൂട്ടം തല്ലികൊന്ന യുവാവിനെ വഴിയരികില്‍ ഉപേക്ഷിച്ചു

single-img
25 January 2017


പരിയാരം: കണ്ണൂരില്‍ യുവാവിനെ സാമൂഹ്യദ്രോഹിയാണെന്നാരോപിച്ച് കൊലപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വായാട് സ്വദേശി ബക്കളം ഖാദര്‍(38) ആണ് മരിച്ചത്. അതിക്രൂരമായി മര്‍ദ്ദനമേറ്റ് കൈകള്‍ കെട്ടിയ നിലയിലാണ് മൃതദേഹം. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സ കിട്ടാതെയാണ് മരിച്ചത്. ഉത്തരേന്ത്യയില്‍ നടക്കുന്ന സമാന രീതിയില്‍ യുവാവിനെ അതിക്രൂരമായിട്ടാണ് കൊലപ്പെടുത്തിയിരിക്കുന്നത്.

യുവാവിനെ അവശനിലയില്‍ കണ്ടിട്ടും പ്രദേശവാസികള്‍ ആരും തിരിഞ്ഞുനോക്കിയില്ല. റോഡരികില്‍ അവശമായി കിടക്കുന്ന യുവാവിനെ കണ്ട വഴിയാത്രികരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തി മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കബളിപ്പിക്കല്‍, ബസിന്റെ സീറ്റ് കുത്തിക്കീറല്‍, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് നാട്ടുകാര്‍ അബ്ദുള്‍ ഖാദറിനെതിരെ ഉന്നയിക്കുന്നത്. ആസൂത്രിതമായി നടത്തിയ ആലോചനയിലൂടെയാണ് കൊലപാതകമെന്ന് സംഭവസ്ഥലത്തുനിന്നുള്ള നാട്ടുകാരുടെ വിവരണം വ്യക്തമാക്കുന്നു.

ഇന്നലെ രാത്രിയോടെയാണ് അബ്ദുള്‍ ഖാദറിനെ നാട്ടുകാരിലെ ഒരു സംഘം പിടികൂടുന്നത്. ശേഷം കൈകള്‍ കെട്ടിയിട്ട് അതിക്രൂമരായി മര്‍ദിച്ചു. ഇതിന് ശേഷം റോഡരികില്‍ ഉപക്ഷിക്കുകയായിരുന്നു. മാനസിക രോഗിയും മോഷ്ടാവുമാണ് മരിച്ചയാളെന്ന് നാട്ടുകാര്‍ പറയുന്നു. രാവിലെ 6.45ന് ജീവനോടെയാണ് അബ്ദുള്‍ഖാദറിനെ കണ്ടെത്തിയതെന്നും ഏഴ് മണിയോടെ മരിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. ഇതിന് മുമ്പും ഇത്തരത്തില്‍ പല കേസുകളും അബ്ദുള്‍ഖാദറിന്റെ പേരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. അബ്ദുള്‍ഖാദറിനെതിരെ വിവധ പൊലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകളുണ്ട്. ബക്കളം സ്വദേശിയായ അബ്ദുള്‍ഖാദറിന്റെ പരിയാരം വായാട് തോട്ടീക്കര ഭാര്യവീടിന് സമീപത്താണ് നാട്ടുകാര്‍ തല്ലിക്കൊന്നത്.

അപകടം നടന്നുവെന്ന വിവരം വിളിച്ച് ആംബുലന്‍സ് ഡ്രൈവര്‍മാരെ പറ്റിക്കല്‍, റോഡരികില്‍ നിര്‍ത്തിയിടുന്ന ബസുകള്‍ തകര്‍ക്കുക, ഇല്ലാത്ത തീപിടുത്തം പറഞ്ഞ് ഫയല്‍ഫോഴ്‌സിനെ തെറ്റിദ്ധരിപ്പിക്കല്‍, ടാക്‌സി വിളിച്ചുവരുത്തിയ ശേഷം ഓട്ടം പോകാതെ മുങ്ങല്‍ തുടങ്ങിയവ അബ്ദുള്‍ഖാദറിന്റെ സ്ഥിരം പരിപാടിയെന്നാണു നാട്ടുകാർ ആരോപിയ്ക്കുന്നത്. തിങ്കളാഴ്ച രാത്രി ഓട്ടോറിക്ഷ ട്രിപ്പ് വിളിച്ചുപോയി ബസിന്റെ സീറ്റ് കുത്തിക്കീറിയ സംഭവമുണ്ടായതായും നാട്ടുകാരും പൊലീസും പറയുന്നു.

ഈ സംഭവത്തിന്റെ തുടര്‍ച്ചയായി അബ്ദുള്‍ഖാദര്‍ നാട്ടിലെത്തുന്നത് കാത്തിരിക്കുകായിരുന്നു ജനക്കൂട്ടം. ഇന്നലെ രാത്രി ഏതോ സമയത്ത് വായാട് എത്തിയ അബ്ദുള്‍ഖാദറിനെ വിളിച്ചു കൊണ്ടു പോയി ചിലര്‍ മര്‍ദ്ദിക്കുകയായിരുന്നു. അക്രമി സംഘത്തിലുള്ളവര്‍ ആരൊക്കെയാണെന്ന കാര്യം വെളിപ്പെടുത്താന്‍ നാട്ടുകാര്‍ തയ്യാറാകുന്നില്ല. ഷെരീഫയാണ് അബ്ദുള്‍ഖാദറിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്.