സ്ത്രീയുടെ മാനത്തേക്കാള്‍ പ്രധാനമാണ് തിരഞ്ഞെടുപ്പില്‍ വോട്ടെന്ന് പ്രസ്താവനവുമായി ശരത് യാദവ്

single-img
25 January 2017

ന്യൂഡല്‍ഹി: സ്ത്രീയുടെ മാനത്തേക്കാള്‍ പ്രധാനമാണ് തിരഞ്ഞെടുപ്പില്‍ വോട്ടിന്റെ അഭിമാനമെന്ന പ്രസ്താവനവുമായി ജെഡി(യു) നേതാവ് ശരത് യാദവ്. വോട്ടെടുപ്പിന്റെ പരിപാവനതയെക്കുറിച്ച് വിശദീകരിക്കവെയാണ് വോട്ട് ചെയ്യുന്ന പ്രവൃത്തിയുടെ അഭിമാനത്തെ സ്ത്രീയുടെ അഭിമാനവുമായി താരതമ്യം ചെയ്ത് ശരത് യാദവ് പറഞ്ഞത്.

സ്ത്രീവിരുദ്ധമായ പ്രസ്താവനയുടെ പേരില്‍ അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. എങ്ങനെയാണ് ബാലറ്റ് പേപ്പര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. വോട്ട് ചെയ്യുന്നതിന്റെ അഭിമാനത്തിന്, നിങ്ങളുടെ മകളുടെ മാനത്തേക്കാള്‍ വിലയുണ്ട്. ഒരു പെണ്‍കുട്ടിയുടെ മാനം നഷ്ടപ്പെട്ടാല്‍, ആ കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും അഭിമാനമാണ് നഷ്ടപ്പെടുന്നത്. തിരഞ്ഞെടുപ്പില്‍ ഒരു വോട്ട് പണത്തിനായി മറിച്ചുനല്‍കിയാല്‍ രാജ്യത്തിന്റെ അഭിമാനമാണ് നഷ്ടപ്പെടുന്നത് ശരത് യാദവ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

ദക്ഷിണേന്ത്യന്‍ സ്ത്രീകളുടെ നിറത്തെക്കുറിച്ചും സൗന്ദര്യ സങ്കല്‍പത്തെക്കുറിച്ചും മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ നേരത്തെയും ശരത് യാദവ് വിമര്‍ശിക്കപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെക്കുറിച്ചുള്ള പരാമര്‍ശവും വിവാദമായിരുന്നു