കണ്ണൂരില്‍ യുവാവിനെ തല്ലികൊന്ന് വഴിയരികില്‍ ഉപേക്ഷിച്ചു; മൃതദേഹം കണ്ടെത്തിയത് കൈകള്‍ കെട്ടിയിട്ട നിലയില്‍

single-img
25 January 2017

പരിയാരം: കണ്ണൂരില്‍ യുവാവിനെ റോഡരികില്‍ കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശി ബക്കളം ഖാദര്‍(38) ആണ് അതിക്രൂരമായി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. കൈകള്‍ കെട്ടിയ നിലയിലാണ് മൃതദേഹം. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സ കിട്ടാതെയാണ് മരിച്ചത്.

യുവാവിനെ അവശനിലയില്‍ കണ്ടിട്ടും പ്രദേശവാസികള്‍ ആരും തിരിഞ്ഞുനോക്കിയില്ല. റോഡരികില്‍ യുവാവിനെ കണ്ട വഴിയാത്രികരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തി മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

മാനസിക രോഗിയും മോഷ്ടാവുമാണ് മരിച്ചയാളെന്ന് നാട്ടുകാര്‍ പറയുന്നു. റോഡരികില്‍ നിര്‍ത്തിയിടുന്ന ബസുകള്‍ തകര്‍ക്കുക, ഫയര്‍ ഫോഴ്സിനെ വിളിച്ചുവരുത്തി കബളിപ്പിക്കുക എന്നിവയാണ് ഇയാളുടെ സ്ഥിരം പരിപാടികള്‍. നിരവധി ബസുകള്‍ രാത്രിയില്‍ തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബസ് തകര്‍ത്തിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.