പത്മപുരസ്‌കാരപ്രഭയില്‍ മലയാളം തിളങ്ങി,ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് പത്മവിഭൂഷന്‍; ശ്രീജേഷ്,ചേമഞ്ചേരി,അക്കിത്തം എന്നിവര്‍ക്ക് പത്മശ്രീ

single-img
25 January 2017

 


ന്യൂഡല്‍ഹി;കേരളത്തിന്റെ അനുഗ്രഹീത ഗായകന്‍ കെ.ജെ. യേശുദാസിന് പത്മവിഭൂഷണ്‍ പുരസ്‌കാരം.

കേരളത്തില്‍നിന്ന് ആറു പേര്‍ക്ക് ഇത്തവണ പത്മശ്രീ പുരസ്‌കാരം നല്‍കും. ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ പി.ആര്‍. ശ്രീജേഷ്, മഹാകവി അച്യുതന്‍ നമ്പൂതിരി,കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പാറശാല ബി. പൊന്നമ്മാള്‍, മീനാക്ഷിഗുരുക്കള്‍ എന്നിവരാണ് പത്മശ്രീ പുരസ്‌കാര ജേതാക്കള്‍. റിപ്പബ്‌ളിക് ദിനാഘോഷത്തിന് മുന്നോടിയായി പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷി, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്ദ്, അന്തരിച്ച മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ സാങ്മ, അന്തരിച്ച മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി സുന്ദര്‍ലാല്‍ പട്വ എന്നിവര്‍ക്കും പരമോന്നത പത്മ പുരസ്‌കാരമായ പത്മവിഭൂഷന്‍ ലഭിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോഹ്ലിക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. ഒളിംപ്യന്‍മാരായ സാക്ഷി മാലിക്, ദീപ കര്‍മാകര്‍, വികാസ് ഗൗഡ, എന്നിവരാണ് മറ്റ് പത്മശ്രീ ജേതാക്കള്‍.എയ്ഡ്സ് ഗവേഷണ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അന്തരിച്ച ഡോ. സുനിതി സോളമന്‍, സുരഭര്‍ കലാകാരന്‍ ഇമ്രാത് ഖാന്‍, നേപ്പാളില്‍ നിന്നുള്ള അനുരാധ കെയ്രാള എന്നിവര്‍ക്കും മാധ്യമപ്രവര്‍ത്തക ഭാവന സോമയ്യ, തങ്കവേലു മാരിയപ്പന്‍ എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു.