ഷാരൂഖ് ഖാനെ കാണാനെത്തിയ ആരാധകന്‍ ആള്‍തിരക്കിനിടയില്‍ പെട്ട് ശ്വാസംമുട്ടി മരിച്ചു

single-img
24 January 2017

 

 

വഡോദര: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ കാണാനെത്തിയ ആരാധകന്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ചു. വഡോദര റെയില്‍വേ സ്റ്റേഷനില്‍ പുതിയ ചിത്രമായ റയീസിന്റെ പ്രചരണാര്‍ഥം വന്നിറങ്ങിയ ഷാരൂഖിനെ കാണാനെത്തിയ ആരാധകനാണ് തിരക്കില്‍പ്പെട്ട് മരിച്ചത്. സാമൂഹികപ്രവര്‍ത്തകനായ ഫരിദ് ഖാന്‍ പത്താന്‍ ആണ് മരിച്ചത്.

ഷാരുഖ് ഖാന്റെ കടുത്ത ആരാധകനാണ് പത്താന്‍.ഭാര്യക്കും മകള്‍ക്കുമൊപ്പമാണ് ഇദ്ദേഹം ഷാരൂഖിനെ കാണാനെത്തിയത്.എന്നാല്‍ ആളുകളുടെ തിക്കും തിരക്കും വര്‍ധിച്ചതോടെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുതിയ ചിത്രമായ റയീസിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് ഷാരൂഖ് വഡോദരയില്‍ എത്തിയത്. റയീസിന്റെ സംവിധാകന്‍ രാഹുല്‍ ദോലാകിയ, നിര്‍മാതാവ് റിതേഷ് സിദ്വാനി എന്നിവര്‍ക്കൊപ്പം മുംബൈയില്‍ നിന്ന് ഓഗസ്റ്റ് ക്രാന്തി എക്പ്രസില്‍ വന്നിറങ്ങിയ താരത്തെ കാണാന്‍ നൂറുകണക്കിന് ആളുകള്‍ ആയിരുന്നു റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.ആളുകളുടെ തിക്കുംതിരക്കും വര്‍ധിച്ചതോടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.