ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയെത്തുന്നു

single-img
24 January 2017

 

 

 

ലക്നൗ: യു.പി യില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കാ ഗാന്ധിയുമെത്തുന്നു. പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന സൂചന കഴിഞ്ഞ ദിവസം തന്നെ മുതിര്‍ന്ന നേതാക്കള്‍ നല്‍കിയിരുന്നു. ഇതിന് ഉറപ്പ് നല്‍കുന്ന രീതിയിലാണ് പ്രിയങ്ക നേരിട്ട് പ്രചാരണത്തിനെത്തുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള 40 നേതാക്കളുടെ ലിസ്റ്റ് കോണ്‍ഗ്രസ് ഇന്ന് പുറത്തിറക്കി. ഇതില്‍ ഏഴാം സ്ഥാനത്താണ് പ്രിയങ്കാ ഗാന്ധിയുടെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സോണിയാ ഗാന്ധി, മന്‍മോഹന്‍ സിങ്ങ്, ഗുലാം നബി ആസാദ്, ഷീല ദീക്ഷിത് തുടങ്ങിയ മുതിര്‍ന്ന നേതാക്കളും രാഹുല്‍ ഗാന്ധി അടക്കമുള്ള മറ്റ് നേതാക്കളും പ്രചാരണത്തിനായി എത്തുന്നുണ്ട്.

കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കിക്കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്കിറങ്ങണമെന്ന് പാര്‍ട്ടിയുടെ വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ തങ്ങളുടെ കുടുംബ മണ്ഡലമായ അമേഠിയിലും റായ്ബറേലിയിലും കേന്ദ്രീകരിച്ച് മാത്രമായിരുന്നു പ്രിയങ്കയുടെ പ്രവര്‍ത്തനം.എന്നാല്‍ യു.പി യില്‍ അഖിലേഷ് യാദവുമായുള്ള സഖ്യ ചര്‍ച്ചയ്ക്ക് സജീവമായി ഇടപെട്ടതോടെ യു.പി തിരഞ്ഞെടുപ്പോടെ പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് തന്നെയാണ് നേതാക്കള്‍ സൂചന നല്‍കുന്നത്. ഇതിനിടെയാണ് 40 അംഗ തിരഞ്ഞെടുപ്പ് പ്രചാരകരുടെ മുന്‍ നിരയില്‍ തന്നെ പ്രിയങ്കയ്ക്ക് സ്ഥാനം നല്‍കി കോണ്‍ഗ്രസ് ലിസ്റ്റ് പുറത്തിറക്കിയിരുന്നത്