രഞ്ജിട്രോഫി ; സാഹ-പൂജാരെ കൂട്ടുക്കെട്ടില്‍ ഇറാനി ട്രോഫി റെസ്റ്റ് ഓഫ് ഇന്ത്യക്ക്

single-img
24 January 2017

മുംബൈ: രഞ്ജിട്രോഫി ചാമ്പ്യന്‍മാരായ ഗുജറാത്തിനെ തകര്‍ത്ത് റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി ട്രോഫി സ്വന്തമാക്കി. നാലുവിക്കറ്റ് വിജയവുമായാണ് റെസ്റ്റ് ഓഫ് ഇന്ത്യ ഇത്തവണത്തെ ഇറാനി ട്രോഫി ജേതാക്കളായിരിക്കുന്നത്. മത്സരത്തിന്റെ മൂന്നു ദിവസവും മുന്നിലായിരുന്ന ഗുജറാത്ത് ഉയര്‍ത്തിയ 379 എന്ന കൂറ്റന്‍ വിജയലക്ഷ്യം റെസ്റ്റ് ഓഫ് ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

15ാം തവണയാണ് റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി ട്രോഫിയില്‍ ചാമ്പ്യന്മാരാകുന്നത്. ഇരട്ട സെഞ്ച്വറി നേടിയ വൃദ്ധിമാന്‍ സാഹ (203), സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ചേതേശ്വര്‍ പൂജാര (116) എന്നിവരാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ വിജയശില്‍പികള്‍.ഗുജറാത്ത് 358, 246, റെസ്റ്റ് ഓഫ് ഇന്ത്യ 226, 379/4 നാലിന് 63 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട റെസ്റ്റ് ഓഫ് ഇന്ത്യ സാഹ, പൂജാര കൂട്ടുകെട്ടില്‍ മത്സരത്തിലേക്ക് അത്ഭുതകരമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 316 റണ്‍സ് ചേര്‍ത്തു. 272 പന്തുകളില്‍ 26 ഫോറുകളും ആറ് സിക്സറുകളും പറത്തിയാണ് സാഹ 203 റണ്‍സെടുത്തത്.

എതിരാളികളെ രണ്ടാം ഇന്നിംഗ്സില്‍ 246 റണ്‍സിന് പുറത്താക്കി പൂജാരയുടെ ടീം വിജയ പ്രതീക്ഷ സൃഷ്ടിച്ചു. എന്നാല്‍ മുന്‍നിരയുടെ കൂട്ടത്തകര്‍ച്ച വന്‍പരാജയത്തിലേക്ക് ടീമിനെ തള്ളിവിടുമെന്ന് തോന്നിപ്പിച്ചു. അവിടെ നിന്നുമാണ് അവിശ്വസനീയ പ്രകടനത്തിലൂടെ ഇന്ത്യന്‍ താരങ്ങളായ സാഹയും പൂജാരയും കിരീടം പിടിച്ചെടുത്തിരിക്കുന്നത്.

സ്‌കോര്‍: ഗുജറാത്ത് 358, 246; റെസ്റ്റ് ഓഫ് ഇന്ത്യ 226, 379/4