പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെ ബജറ്റ് അവതരണത്തില്‍ കര്‍ശന നിബന്ധനകളുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍

single-img
24 January 2017

ന്യൂഡല്‍ഹി: ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് കര്‍ശന നിബന്ധനകളുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കേന്ദ്ര ബജറ്റ് നീട്ടിവയ്ക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനുപിന്നാലെയാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ രംഗത്തെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളൊന്നും ബജറ്റിലുണ്ടാകാന്‍ പാടില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു. ധനകാര്യമന്ത്രിയുടെ പ്രസംഗത്തില്‍ ഈ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിജയത്തെക്കുറിച്ച് പരാമര്‍ശിക്കരുതെന്നും കാബിനറ്റ് സെക്രട്ടറിക്കയച്ച കത്തില്‍ കമ്മിഷന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പുകളില്‍ സുതാര്യത വരുത്തുന്നതിനായി വോട്ടര്‍മാരെ സ്വാധീനിക്കുന്ന യാതൊന്നും ബജറ്റില്‍ ഉള്‍പ്പെടുത്തരുത്. പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു. അടുത്തമാസം ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി മാസത്തിലെ അവസാനദിനം ബജറ്റ് അവതരിപ്പിക്കുന്ന പതിവിനു വിപരീതമായി ഇത്തവണ മാസത്തിലെ ആദ്യദിനം തന്നെ ബജറ്റ് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

പൊതു ബജറ്റ് സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നതിനു വ്യക്തമായ തെളിവുകളൊന്നുമില്ലെന്ന് വ്യക്തമാക്കിയാണ് ബജറ്റ് അവതരണം നീട്ടണമെന്ന് പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പട്ടികയിലും പൊതുപട്ടികയിലും പെടുന്ന വിഷയങ്ങള്‍ ഭരണഘടനയില്‍ കൃത്യമായി വേര്‍തിരിച്ചിട്ടുണ്ടെന്നും നിയമസഭാ തിരഞ്ഞെടുപ്പെന്ന പതിവുകാര്യത്തിന്റെ പേരില്‍ കേന്ദ്ര ബജറ്റ് അവതരണം മാറ്റിവയ്ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.