ജെല്ലിക്കെട്ട് സമരം;മറീനാ ബീച്ചില്‍ സംഘര്‍ഷാവസ്ഥ,പോലീസ് ഒഴിപ്പിച്ചിട്ടും ജനങ്ങള്‍ ഒഴിയുന്നില്ല; ബലം പ്രയോഗിച്ചാല്‍ കടലില്‍ ചാടുമെന്ന് സമരക്കാര്‍ (വീഡിയോ)

single-img
23 January 2017


ചെന്നൈ: മറീന ബീച്ചില്‍ നിന്ന് പിരിഞ്ഞുപോകണമെന്നും ജെല്ലിക്കെട്ട് സമരം വിജയിച്ചിരിക്കുന്നുവെന്നും ആവശ്യപ്പെട്ട് പൊലീസ് സമരക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നു. രാവിലെ ആറര മുതല്‍ പൊലീസ് സമരക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുകയാണ്.എന്നാല്‍ സമരക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകുന്നില്ല. പകുതിയോളം ആളുകള്‍ പൊലീസിനോട് സഹകരിച്ചുവെങ്കിലും ബാക്കിയുള്ളവര്‍ പൊലീസ് പിടിച്ചുമാറ്റാന്‍ ശ്രമിച്ചാല്‍ കടലിലേക്ക് ചാടുമെന്നാണ് പറയുന്നത്.

തീവ്രസ്വഭാവമുള്ള സംഘടനാ പ്രവര്‍ത്തകരാണ് ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കാതെ ഭീഷണിയുമായി നില്‍ക്കുന്നത്. ബീച്ചിലേക്കുള്ള റോഡുകളെല്ലാം രാത്രിയോടെ തന്നെ അടച്ചിരുന്നു. പുതിയതായി ആളുകള്‍ ബീച്ചിലെത്തുന്നത് തടയുന്നുണ്ട്. ഇത് ഏഴാം ദിവസമാണ് മറീന ബീച്ചിലെ പ്രക്ഷോഭം.
തഞ്ചാവൂര്‍, ഡിണ്ടിഗല്‍, കൃഷ്ണഗിരി എന്നിവിടങ്ങളിലെ സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കി. മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഒഴിഞ്ഞുപോകാന്‍ സമരക്കാര്‍ കൂട്ടാക്കിയില്ല. തുടര്‍ന്നു പലവട്ടം ചര്‍ച്ചകള്‍ നടന്നു. കോയമ്പത്തൂരിലെ സമരക്കാരെ പൊലീസ് ഇപ്പോള്‍ ബലംപ്രയോഗിച്ചു നീക്കുകയാണ്. മധുരയില്‍ ഇപ്പോഴും ചര്‍ച്ച തുടരുകയാണ്. ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും.

 

 

ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഒപ്പുവെച്ചതോടെയാണ് മൂന്ന് വര്‍ഷത്തെ നിരോധനത്തിന് ശേഷം തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിന് കളമൊരുങ്ങിയത്. എന്നാല്‍ ഓര്‍ഡിനന്‍സില്‍ ഒരു വിഭാഗം ആളുകള്‍ തൃപ്തരല്ല. ജെല്ലിക്കെട്ടിന് സ്ഥിരം നിയമ നിര്‍മ്മാണം വേണമെന്ന് ആവശ്യപ്പെട്ട് അവര്‍ വീണ്ടും പ്രതിഷേധത്തിന് ഇറങ്ങിയിരിക്കുകയാണ്. പ്രതിഷേധം ശക്തമായപ്പോള്‍ മധുരയിലെ സംസ്ഥാന ജെല്ലിക്കെട്ട് ഉദ്ഘാടനം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. സമരക്കാര്‍ റോഡ്, ട്രെയിന്‍ ഗതാഗതം ഉള്‍പ്പെടെ തടസപ്പെടുത്തുകയും ചെയ്തു.
അതേസമയം പ്രക്ഷോഭത്തില്‍നിന്ന് ഒരുവിഭാഗം പിന്മാറിയിരുന്നു.

തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ ജെല്ലിക്കെട്ടിനിടെ രണ്ട് പേര്‍ മരിക്കുകയും ചെയ്തു. രാജ(30),മോഹന്‍(30) എന്നീ യുവാക്കളാണ് മരിച്ചത്. കാളയുടെ കുത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 83 പേര്‍ക്ക് നിസാര പരുക്കേറ്റു. 150 കാളകളാണ് പുതുക്കോട്ടയില്‍ നടന്ന ജെല്ലിക്കെട്ടില്‍ ഉണ്ടായിരുന്നത്. മൂന്നര മണിക്കൂര്‍ നേരം ജെല്ലിക്കെട്ട് നീണ്ടുനിന്നു. ആരോഗ്യമന്ത്രി വിജയഭാസ്‌ക്കറിന്റെ വീട് സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലായിരുന്നു  സംഭവം.

ജെല്ലിക്കെട്ടിനായുള്ള നിയമനിര്‍മ്മാണത്തിന് ഒരുങ്ങിയിരിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍. ഇതിനായുള്ള കരട് ബില്‍ നിയമസഭയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പനീര്‍ശെല്‍വം ഇന്നലെ ചൈന്നൈയില്‍ പറഞ്ഞിരുന്നു.ചെന്നൈ മറീന ബീച്ചില്‍ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെയാണ് പ്രക്ഷോഭം അവസാനിപ്പിക്കാന്‍ സംസ്ഥാനം ഓര്‍ഡിനന്‍സ് ഇറക്കിയത്.