ജെല്ലിക്കെട്ട് പ്രക്ഷോഭം:ചെന്നൈ നഗരത്തില്‍ വ്യാപക സംഘര്‍ഷം, പൊലീസ് സ്റ്റേഷന്‍ കത്തിച്ച 25 പേര്‍ അറസ്റ്റില്‍

single-img
23 January 2017

 


ചെന്നൈ: ജെല്ലിക്കെട്ട് സമരക്കാരെ മറീന ബീച്ചില്‍നിന്ന് ഒഴിപ്പിക്കാന്‍ ശ്രമിച്ചതിനു പിന്നാലെ ചെന്നൈ നഗരത്തില്‍ വ്യാപക സംഘര്‍ഷം. മറീനയ്ക്കു സമീപത്തെ ഐസ്ഹൗസ് പൊലീസ് സ്റ്റേഷനും വാഹനങ്ങള്‍ക്കും തീയിട്ടു. സംഭവത്തില്‍ 25 പേരെ പൊലീസ് അറസ്റ്റു ചെയ്തു. ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ കടലില്‍ച്ചാടി ആത്മഹത്യ ചെയ്യുമെന്നും സമരക്കാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

മറീനയിലെ പ്രതിഷേധത്തിനിടെ ഉണ്ടായ കല്ലേറില്‍ അഞ്ച് പൊലീസുകാര്‍ക്കു പരുക്കേറ്റിരുന്നു. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനായി പൊലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. മറീനയിലെ സമരക്കാര്‍ക്കു ഭക്ഷണമെത്തിക്കുന്ന വഴികള്‍ പൊലീസ് അടച്ചതോടെ കടല്‍ വഴി ബോട്ടുകളിലാണ് ഭക്ഷണമെത്തിക്കുന്നത്. സമരക്കാര്‍ക്കെതിരെ ബലപ്രയോഗം നടത്തിയ പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍, ചലച്ചിത്രതാരം കമല്‍ഹാസന്‍ തുടങ്ങിയവര്‍ രംഗത്തെത്തി. അതേസമയം, ജെല്ലിക്കെട്ട് ബില്‍ പാസാക്കാനായി ഇന്നു വൈകിട്ട് അഞ്ചിനു പ്രത്യേക നിയമസഭാ സമ്മേളനം ചേരും.

മധുരയില്‍ പ്രതിഷേധക്കാര്‍ നാഗര്‍കോവില്‍-മംഗലാപുരം എക്സ്പ്രസ് തടഞ്ഞു.കേരളത്തിലേക്കുള്ള ട്രെയിനുകള്‍ ഇന്നും വൈകുമെന്ന് റെയില്‍വേ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.50നു തിരുവനന്തപുരത്തു നിന്നു പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ചെന്നൈ മെയില്‍ രാത്രി എട്ടിനു മാത്രമേ പുറപ്പെടൂ.

ആയിരക്കണക്കിനു യുവാക്കള്‍ ഇപ്പോഴും മറീനയില്‍ കടലിന്റെ ഭാഗത്തായി നിലയുറപ്പിച്ചിട്ടുണ്ട്.  പലയിടത്തും സമരക്കാര്‍ റോഡ് ഉപരോധിക്കുന്നുണ്ട്. നഗരത്തിലെ പല ഭാഗങ്ങളിലും കടകള്‍ അടച്ചു. ചെന്നൈയില്‍ കേബിള്‍ ടെലിവിഷനില്‍ തമിഴ് ന്യൂസ് ചാനലുകളുടെ സംപ്രേഷണം തടഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. പല സ്ഥലങ്ങളിലും കേബിള്‍ ടിവി സംപ്രേഷണം നിലച്ചു. നാളെ ആരംഭിക്കാനിരുന്ന മദ്രാസ് സര്‍വകലാശാല മലയാള വിഭാഗം നവതിയാഘോഷം സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവച്ചു. പുതിയ തീയതി പിന്നീടു തീരുമാനിക്കും.