നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കല്‍: കള്ളനോട്ടുകളൊന്നും ഇതുവരെ പിടിച്ചെടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
21 January 2017

 

 

 

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നോട്ടുനിയന്ത്രണത്തിന് ശേഷം രാജ്യത്ത് നടത്തിയ പരിശോധനയില്‍ കള്ളനോട്ടുകളൊന്നും അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര ധനമന്ത്രാലയവും റവന്യുവകുപ്പുമാണ് ഇക്കാര്യം അറിയിച്ചത്.ധനമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരെ അടുത്ത മാസം 10നാണ് യോഗത്തില്‍ വിശദീകരണം നല്‍കാന്‍ വിളിച്ചുവരുത്തുന്നത്. ഇതിന് മുന്നോടിയായി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നോട്ട് പിന്‍വലിക്കലിനുശേഷം പരിശോധനയില്‍ പിടിച്ചെടുത്ത 500, 1000 രൂപ നോട്ടുകളുടെ വിശദാംശങ്ങള്‍, പിടിച്ചെടുത്ത പഴയനോട്ടുകളില്‍ തീവ്രവാദികള്‍, കള്ളക്കടത്തുകാര്‍, ചാരന്മാര്‍ എന്നിവരുടെ എത്ര നോട്ടുകള്‍ ഉണ്ട് എന്നീ ചോദ്യങ്ങളാണ് പ്രധാനമായും അംഗങ്ങള്‍ ഉന്നയിച്ചത്.

പ്രത്യക്ഷനികുതി വകുപ്പ് നവംബര്‍ 9 മുതല്‍ ജനവരി 4 വരെയുള്ള കാലയളവില്‍ നടത്തിയ പരിശോധനയില്‍ 474.37 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ പിടിച്ചെടുത്തു. ഇതില്‍ 112.29 കോടിയുടെ പുതിയ നോട്ടുകളും 362.08 കോടിയുടെ പഴയ നോട്ടുകളുമാണുള്ളത്. എത്രയെണ്ണം നോട്ടുകള്‍ പിടിച്ചെടുത്തെന്ന് കേന്ദ്രത്തിന്റെ കൈയില്‍ ഇപ്പോള്‍ കണക്കില്ല.

നോട്ട് അസാധുവാക്കലിനുശേഷം പിടിച്ചെടുക്കുന്ന കണക്കില്ലാത്ത പണത്തില്‍ വര്‍ധനയുണ്ട്. സ്വര്‍ണം ഉള്‍പ്പടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ പിടിച്ചെടുക്കുന്നതില്‍ 100 ശതമാനവും കണക്കില്‍പ്പെടാത്ത പണത്തിന്റെ കാര്യത്തില്‍ 51 ശതമാനവും ആണ് വര്‍ധന.നോട്ട് പിന്‍വലിക്കലിനുശേഷം സാമ്പത്തിക കുറ്റാന്വേഷണ വകുപ്പ് മൂന്നു കോടിയുടെ പഴയ നോട്ടുകളും 1.7 കോടിയുടെ വിദേശ കറന്‍സികളും പിടിച്ചെടുത്തിട്ടുണ്ട്. 36 ഹവാല ഇടപാടുകാരെ സാമ്പത്തിക കുറ്റാന്വേഷണവകുപ്പ് പരിശോധിച്ചു. ഇവരില്‍നിന്നായി ഒരു കോടിയുടെ പഴയനോട്ടുകളും 50 ലക്ഷത്തിന്റെ വിദേശ കറന്‍സികളും 20 ലക്ഷത്തിന്റെ പുതിയ കറന്‍സികളും പിടിച്ചെടുത്തിട്ടുണ്ട്. 18 പേരെ അറസ്റ്റുചെയ്തു. നോട്ട് പിന്‍വലിക്കലിനുശേഷം പ്രത്യക്ഷനികുതി വരുമാനത്തില്‍ വന്‍വര്‍ധനയുണ്ടായി. ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് 5.53 ലക്ഷം കോടി നികുതി പിരിവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 12.01 ശതമാനം വര്‍ധന.പരോക്ഷനികുതി പിരിവിലും വര്‍ധനയുണ്ട്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ സേവന നികുതിയില്‍ 25 ശതമാനം വര്‍ധനയുണ്ട്. ബജറ്റ് ലക്ഷ്യത്തിന്റെ 81 ശതമാനം ഡിസംബറിനുള്ളില്‍ തന്നെ നേടാന്‍കഴിഞ്ഞു. കേന്ദ്ര എക്സൈസ് നികുതിയില്‍ 43 ശതമാനവും കസ്റ്റംസ് നികുതിയില്‍ 23.9 ശതമാനവും വര്‍ധനയുണ്ടായി.