ധര്‍മ്മടം ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ 6 സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; കൊലപാതകം രാഷ്ട്രീയപ്രേരിതമെന്ന് പോലീസ്

single-img
21 January 2017

 

 

തലശ്ശേരി:കണ്ണൂര്‍ ധര്‍മ്മടം അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് കൊല്ലപ്പെട്ട സംഭവത്തില്‍ ആറ് സിപിഐഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അണ്ടല്ലൂര്‍ സ്വദേശികളായ രോഹിന്‍, പ്രജുല്‍, മിഥുന്‍, കമല്‍, റിജേഷ്,അജേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.തലശേരി ബ്രണ്ണന്‍ കോളെജില്‍ വിവേകാനന്ദജയന്തി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം നടന്നിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.

ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് മുല്ലപ്രം ചോമന്റവിട എഴുത്തന്‍ സന്തോഷ്(52) വെട്ടേറ്റ് മരിച്ചത്. സന്തോഷിന്റെ വീട്ടിലെത്തിയ ഒരുസംഘം ആളുകളാണ് ആക്രമണം നടത്തിയത്. ഈ സമയം സന്തോഷ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.ഭാര്യ ബേബിയും മക്കളും ബേബിയുടെ വീട്ടിലായിരുന്നു. വെട്ടേറ്റ വിവരം സന്തോഷ് തന്നെയാണ് സുഹൃത്തുക്കളെ വിളിച്ചറിയിച്ചത്. ഇതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസും സുഹൃത്തുക്കളും ചേര്‍ന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സന്തോഷ് ആര്‍എസ്എസ് അണ്ടലൂര്‍ ശാഖാ മുന്‍ മുഖ്യശിക്ഷക് ആയിരുന്നു. നിലവില്‍ ബിജെപിയുടെ ബൂത്ത് പ്രസിഡന്റാണ്

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് ആറാംവാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി സന്തോഷായിരുന്നു.സന്തോഷിനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തിയത് സിപിഐഎം പ്രവര്‍ത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം. അതെസമയം സംഭവവുമായി ബന്ധമില്ലെന്ന് സിപിഐഎം പിണറായി ഏരിയ കമ്മിറ്റി അറിയിച്ചിരുന്നു.