ആ മുന്തിരിവള്ളികള്‍ തളിര്‍ത്തു, ചിത്രത്തിന് തീയേറ്ററുകളില്‍ വന്‍ സ്വീകരണം

single-img
20 January 2017

 

സിനിമസമരത്തിന്റെ വറുതിക്കാലത്തിന് ശേഷം ഒരു കുളിര്‍മഴ പെയ്തതുപോലെയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ റിലീസ്. ദൃശ്യത്തിന് ശേഷം മോഹന്‍ലാലും, മീനയും ഒന്നിക്കുന്ന ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ പ്രദര്‍ശനത്തിനെത്തി. വന്‍ സ്വീകരണമാണ് ഈ ജിബു ജേക്കബ് ചിത്രത്തിന് പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും നല്‍കുന്നത്. കുടുംബ പ്രേഷകരെ ലക്ഷ്യമിട്ടാണ് ചിത്രമെന്നത് ടീസറിലൂടെ തന്നെ വ്യക്തമാണ്.

മോഹന്‍ലാലും അനൂപ് മേനോനുമൊത്തുള്ള രസകരമയ സംഭാഷമാണ് ടീസറിലുള്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. റിലീസ് കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തീര്‍ത്തും രസകരമായ ഒരു സിനിമയാണ് മുന്തിരിവള്ളികള്‍. ഒരിടവേളയ്ക്ക് ശേഷം വളരെ ലളിതമായി കഥ പറയുന്ന ഒരു ലാലേട്ടന്‍ ചിത്രം എന്നതിന്റെ സന്തോഷത്തിലാണ് മലയാളികള്‍. പുലിമുരുകനും ഒപ്പവും സൃഷ്ടിച്ച തരംഗത്തിന് മേല്‍ ഒരു തൂവല്‍സ്പര്‍ശം പോലെയാണ് മുന്തിരിവള്ളികളുടെ വരവ്.

വി ജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആധാരമാക്കി എം സിന്ധുരാജാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത്. വീക്കെന്‍ഡ് ബ്ലോക്ക്ബാസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ഘട്ടം കഴിഞ്ഞാല്‍ വിരസമായിപ്പോകുന്ന പല ദാമ്പത്യബന്ധങ്ങള്‍ക്കും പ്രണയം ഒരു പരിഹാരമാണെന്ന സന്ദേശം നല്‍കുന്ന സിനിമയാണിത്. സൂപ്പര്‍ ഹിറ്റ് ചിത്രമായ വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഐമ, അനൂപ് മേനോന്‍, ഷാജോണ്‍, ഷറഫുദ്ദീന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.