കുമ്മനം പിണറായിയുമായി കൂടിക്കാഴ്ച നടത്തി;കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ വിലാപയാത്ര തടഞ്ഞത് അപലപനീയമെന്ന് കുമ്മനം

single-img
20 January 2017

 

തിരുവനന്തപുരം:കണ്ണൂരില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്റെ വിലാപ യാത്ര തടഞ്ഞത് അപലപനീയമെന്ന് പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷിന്റെ കൊലപാതകത്തില്‍ വേണ്ട നിയമ നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും കുമ്മനം അറിയിച്ചു. ബിജെപി നേതാക്കളായ ഒ.രാജഗോപാല്‍, ഗോപാലന്‍കുട്ടി മാഷ് എന്നിവരും അദ്ദേഹത്തിനൊപ്പം മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

കേരളത്തില്‍ ഇപ്പോള്‍ പൊലീസുകാര്‍ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. പൊലീസുകാരുടെ ആത്മവീര്യം തകര്‍ക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. പലയിടങ്ങളിലും പൊലീസുകാരെ മര്‍ദ്ദിച്ചും കല്ലെറിഞ്ഞും തങ്ങളുടെ പരിധിയില്‍ കൊണ്ടുവരാനുളള നീക്കങ്ങളാണ് നടക്കുന്നത്. സിപിഐഎം എന്ന പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പൊലീസ് വേട്ടയാടുന്നത്. ആരും ഇല്ലാത്ത സമയത്താണ് സന്തോഷിനെ വീട്ടില്‍ക്കയറി ആക്രമികള്‍ വെട്ടിക്കൊല്ലുന്നത്.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് കൊലപാതകം നടന്നത്. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇതിന് കഴിഞ്ഞില്ലെങ്കില്‍ കേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിക്കും. സംസ്ഥാന സര്‍ക്കാര്‍ നിക്ഷ്പക്ഷമായി അന്വേഷണം നടത്തണം. ഇന്നലെ വിലാപയാത്ര തടഞ്ഞ സംഭവം കേരളത്തില്‍ ആദ്യമാണ്. കൊലപാതകത്തെ കൊലപാതകമായി തന്നെ കാണണം.

ഇത്തരം സാഹചര്യങ്ങളില്‍ വിലാപയാത്രക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണം. എന്നാല്‍ ഇവിടെ നിരവധി വാഹനങ്ങളില്‍ വിലാപയാത്രക്ക് എത്തിയവരെ തടയുകയാണ് ഉണ്ടായത്. കേന്ദ്രത്തെ ഇവിടുത്തെ സ്ഥിതിഗതികള്‍ അറിയിച്ചിട്ടുണ്ട്. നടപടി സ്വീകരിക്കും എന്നാണ് പ്രതീക്ഷ. സിപിഐഎം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ഈ മാസം 23  തിയതി കേരളത്തില്‍  പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കുകയാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.