വായ്പ്പയെടുത്ത് മുങ്ങിയ വ്യവസായി വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാം; ബാങ്കുകള്‍ക്ക് ട്രൈബ്യൂണല്‍ അനുമതി

single-img
19 January 2017

 

 

 

ബംഗുലൂരു: വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബാങ്കുകള്‍ക്ക് ഡെപ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ അനുമതി നല്‍കി. ബാങ്കുകളുടെ അപേക്ഷ പരിഗണിച്ച ഡിആര്‍ടി സ്വത്ത് കണ്ടുകെട്ടാനുള്ള ആവശ്യം അംഗീകരിക്കുകയായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കിംങ് കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജികളിലാണ് ട്രൈബ്യുണല്‍ വിധി.

കിംങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരിലെടുത്ത വായ്പയും പലിശയും കൂടി 9000 കോടി രൂപ വിജയ് മല്യ കുടിശ്ശിക വരുത്തിയതു സംബന്ധിച്ച കേസിലാണ് ട്രൈബ്യൂണല്‍ ബംഗളുരു ബെഞ്ചിന്റെ വിധി. 6023 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് ബാങ്കുകള്‍ക്ക് അനുമതി ലഭിച്ചത്.

വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് ബാങ്കുകള്‍ക്ക് അനുകൂലമായി ഡെപ്റ്റ് ട്രൈബ്യൂണല്‍ വിധി പറഞ്ഞത്. വിവിധ ബാങ്കുകളിലായി 9000 കോടി രൂപ കുടിശ്ശിക വരുത്തിയ മല്ല്യ നിലവില്‍ ലണ്ടനിലാണ് മല്യക്കെതിരായ വിവിധ കേസുകള്‍ സുപ്രീം കോടതി പരിഗണനയിലാണ്. മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപെട്ട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ട്രൈബ്യൂണലിനെ സമീപിച്ചതിന് പിന്നാലെ മല്യ മുങ്ങുകയായിരുന്നു.

ഒരുപാട് തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് മല്യയുടെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കുകയും ഡല്‍ഹി പ്രത്യേക കോടതി മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മല്യയുടെ ഉടമസ്ഥതയിലുള്ള കിങ് ഫിഷര്‍ വിമാനകമ്പനി വണ്ടിചെക്കുകള്‍ നല്‍കിയ കേസിലും മല്യക്കെതിരെ ഡല്‍ഹി ഹൈക്കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.